ന്യായീകരിക്കാനാവില്ല; ദൗര്‍ഭാഗ്യകരം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം; പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടി ഒരു പ്രതികളെയും സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നതില്‍ പൊലീസിനെ ആരും വിലക്കിയിട്ടില്ല 
ന്യായീകരിക്കാനാവില്ല; ദൗര്‍ഭാഗ്യകരം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം; പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷം ന്യായീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവം അന്ത്യന്തം ദൗര്‍ഭാഗ്യകരമാണ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നും സമൂഹത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ അഖിലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടി ഒരു പ്രതികളെയും സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നതില്‍ പൊലീസിനെ ആരും വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണസംഘത്തിന് തെളിവുകള്‍ ശേഖരിക്കുന്നതിന് എവിടെയും പരിശോധന നടത്താം. അന്വേഷണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

ഒരു സംഘര്‍ഷമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കോളജ് മാറ്റണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അത് പ്രതിപക്ഷം കുറെനാളായി പറയുന്നതാണ്. ഒരു സംഘര്‍ഷമുണ്ടായാല്‍ കോളജ് മാറ്റുകയല്ല വേണ്ടത് പകരം സംഘര്‍ഷം ഒഴിവാക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. സംഘടനയില്‍ സിപിഎം അനുഭാവികളും അല്ലാത്തവരും ഉണ്ട്. വിദ്യാര്‍ഥി സംഘടനയെന്ന നിലയില്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭാരവാഹികളായവരെ സംഘടനയില്‍ നിന്ന് പിരിച്ചുവിട്ടതായും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com