20 ഡ്യൂട്ടിയില്ലെങ്കില്‍ 1000 രൂപ പിഴ, കണക്കില്‍ 50 രൂപ കുറഞ്ഞാല്‍ 200 രൂപ പിഴ; എംപാനലുകാരോട് കരുണയില്ലാതെ കെഎസ്ആര്‍ടിസി

റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാനായിരുന്നു 3861 എംബാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. പക്ഷേ, നിയമനം ലഭിച്ചവരില്‍ ജോലിക്കെത്തിയത് 1200 പേര്‍
20 ഡ്യൂട്ടിയില്ലെങ്കില്‍ 1000 രൂപ പിഴ, കണക്കില്‍ 50 രൂപ കുറഞ്ഞാല്‍ 200 രൂപ പിഴ; എംപാനലുകാരോട് കരുണയില്ലാതെ കെഎസ്ആര്‍ടിസി

പത്തനംതിട്ട: പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാനായിരുന്നു 3861 എംബാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. പക്ഷേ, നിയമനം ലഭിച്ചവരില്‍ ജോലിക്കെത്തിയത് 1200 പേര്‍. ഇതോടെ ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോള്‍ എംപാനലുകളെ കെഎസ്ആര്‍ടിസി വീണ്ടും തിരിച്ചെടുത്തു. എന്നാല്‍ സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യത്തില്‍ വലയുകയാണ് എംബാനലുകാര്‍. 

പ്രതിമാസം 20 ഡ്യുട്ടിയെങ്കിലും ചെയ്തില്ലെങ്കില്‍ പിഴ ആയിരം രൂപ. കണക്കില്‍ തെറ്റുപറ്റിയാല്‍ നാലിരട്ടി പിഴ, ആനുകൂല്യങ്ങള്‍ ഒന്നുമില്ല. ഇതോടെ പലരും ജോലി വേണ്ടെന്ന് വെച്ചു. 1980ലെ ബദലി ആക്ട് പ്രകാരം 2200 എംബാനലുകാരെയാണ് തിരിച്ചെടുത്തത്. 480 രൂപയാണ് ഇവര്‍ക്ക് ഒരു ഡ്യൂട്ടിക്ക് ലഭിക്കുന്ന പ്രതിഫലം. 15-20 ഡ്യൂട്ടികളാണ് താത്കാലിക കണ്ടക്ടര്‍മാരില്‍ പലര്‍ക്കും ലഭിക്കുന്നത്. എന്നാല്‍, 20 ഡ്യൂട്ടിയെങ്കിലും എടുക്കാത്തവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. 

ഡ്യൂട്ടി പാസ് ഇല്ലാതെ ബസില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കണം. കണക്കില്‍ തെറ്റ് പറ്റിയാല്‍ 50 രൂപയുടെ കുറവാണെങ്കില്‍ 200 രൂപ പിഴ നല്‍കണം. ഫാസ്റ്റ് പാസഞ്ചറുകളില്‍ ഡബിള്‍ ഡ്യൂട്ടി ലഭിച്ചാല്‍ താത്കാലിക ജീവനക്കാര്‍ക്ക് നേട്ടമാണ്. എന്നാലവിടെ 16000 രൂപ കളക്ഷന്‍ ലഭിച്ചെങ്കില്‍ മാത്രമെ ഡബിള്‍ ഡ്യൂട്ടിയായി പരിഗണിക്കുകയുള്ളു. 

താത്കാലിക ജീവനക്കാരുമായി കോര്‍പ്പറേഷന് യാതൊരു ബന്ധവുമുണ്ടാവില്ല. യൂണിറ്റ് ഓഫീസര്‍മാര്‍ക്കാണ് താത്കാലിക ജീവനക്കാരുടെ ചുമതല. തിരുവല്ലയില്‍ 17 താത്കാലിക ജീവനക്കാര്‍ത്ത് ആയിരം രൂപ പിഴ ഈടാക്കുന്ന നോട്ടീസ് ലഭിച്ചു. ഉത്തരവില്‍ ചീഫ് ഓഫീസറുടെ ഒപ്പോ തീയതിയോ ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com