'മദ്യലഹരി'; പൊലീസുകാരന്‍ ഓടിച്ച ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

നിര്‍ത്താതെ പോയ ഓട്ടോ പൊലീസുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു 
'മദ്യലഹരി'; പൊലീസുകാരന്‍ ഓടിച്ച ഓട്ടോ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

ആലപ്പുഴ: മദ്യപിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചേര്‍ത്തല നഗരസഭ മൂന്നാം വാര്‍ഡ് കടവില്‍ പരേതനായ ഷണ്‍മുഖന്റെ മകന്‍ ശങ്കര്‍ (35) ആണ് മരിച്ചത്. ഓട്ടോ ഓടിച്ച ആലപ്പുഴ എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.ആര്‍.രജീഷിനെ പ്രതിയാക്കി കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മരണത്തിടയാക്കിയതിനുമാണ് കേസ്. 

ഞായറാഴ്ച വൈകിട്ടാണു സംഭവം. ചേര്‍ത്തല മനോരമ കവലയ്ക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പട്രോളിങ് സംഘം കൈ കാണിച്ചെങ്കിലും ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ നിര്‍ത്തിയില്ല. നിര്‍ത്താതെ പോയ ഓട്ടോ ബൈക്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപം തടഞ്ഞു.  കളവംകോടം സ്വദേശിയായ സിവില്‍ പൊലീസ് ഓഫിസര്‍ രജീഷ് സ്‌റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചുകൊണ്ടുപോയി. ഓട്ടോയില്‍ ഡ്രൈവറും യാത്രക്കാരനും ഉണ്ടായിരുന്നു. 

വയലാര്‍ പാലം ഇറങ്ങി വരുമ്പോള്‍ നടന്നുപോകുകയായിരുന്ന ശങ്കറിനെ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ കടയ്ക്ക് മുന്നിലെ ബോര്‍ഡും തെറിപ്പിച്ച് മരത്തിലിടിച്ച്  മറിഞ്ഞു. സാരമായി പരുക്കേറ്റ ശങ്കറിനെ ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 10.45ന് മരിച്ചു. 

ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൂലിപ്പണിക്കാരനാണ് ശങ്കര്‍. അമ്മ: പി.ഓമന.  പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നെന്ന് ആരോപിച്ച്  നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com