മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കേരള സര്‍വ്വകലാശാല; കര്‍ശന നിര്‍ദേശവുമായി വിസി

കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള  മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലെ ഉത്തരപേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്തും.
മുഴുവന്‍ ഉത്തരപേപ്പറുകളുടെയും എണ്ണമെടുക്കാന്‍ കേരള സര്‍വ്വകലാശാല; കര്‍ശന നിര്‍ദേശവുമായി വിസി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള  മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലെ ഉത്തരപേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ സുരക്ഷിതമായി സൂക്ഷിച്ച് അതിന്റെ എണ്ണം സര്‍വ്വകലാശാലയെ അറിയിക്കണമെന്ന് വിസി നിര്‍ദേശെ നല്‍കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി  കോളജിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസില്‍ നിന്നും കുത്തു കേസ് പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് വിസിയുടെ നപടി. ഇക്കാര്യം വൈസ് ചാന്‍സിലര്‍ രേഖാമൂലം ഗവര്‍ണറെ അറിയിച്ചു. 

നേരത്തെ, ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍, വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് അറിയിച്ചിരുന്നു. നടപടികള്‍ സ്വീകരിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അനധ്യാപ ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. കുറച്ച് അധ്യാപകരെയും സ്ഥലം മാറ്റേണ്ടതുണ്ടെന്നും ഇത് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഉത്തര പേപ്പര്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌ര അറിയിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com