പൊലീസിലെ കുഴപ്പക്കാരെ പിരിച്ചുവിടണം: മനുഷ്യാവകാശ കമ്മീഷന്‍ 

ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
പൊലീസിലെ കുഴപ്പക്കാരെ പിരിച്ചുവിടണം: മനുഷ്യാവകാശ കമ്മീഷന്‍ 

തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കും ഇടവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  ഇത് ഉള്‍പ്പെടെയുളള മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലും പരിശോധന നടത്തിയ ശേഷമാണ് ആഭ്യന്തര സെക്രട്ടറിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം കൈമാറിയത്. പൊലീസിന്റെ നീചമായ പ്രവൃത്തികള്‍ കേരളത്തിനും സര്‍ക്കാരിനും അപമാനമാണെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ട് മാസത്തിനകം അറിയിക്കണം.നെടുങ്കണ്ടം പൊലീസ് ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്ത കുമാറിനെ കോടതിയില്‍ ഹാജരാക്കിയത് 16 നാണ്. ജയിലില്‍ പ്രവേശിപ്പിക്കുന്നവരുടെ ശാരീരിക സ്ഥിതിയും പരിക്കുകളും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ പീരുമേട് ജയിലിലുണ്ടായിരുന്നില്ല. പ്രതിയോട് സംസാരിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ സ്വതന്ത്രമായി രേഖപ്പെടുത്തണം. ഡോക്ടര്‍ പരിശോധിച്ചിട്ടുണ്ടെന്നും രോഗവിരങ്ങളും പരിക്കുകളും രേഖപ്പെടുത്തിട്ടുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എല്ലാവര്‍ക്കും വായിക്കാവുന്ന തരത്തില്‍ എഴുതണം. പ്രതികളെ നേരില്‍ കാണാതെയും രോഗവിവരം പോലും തിരക്കാതെയും പൊലീസുകാരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നതായി ആക്ഷേപമുണ്ട്. ജയില്‍ അന്തേവാസികളെ ആശുപത്രിയിലാക്കിയാലോ മരിച്ചാലോ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് ഉറപ്പാക്കണം. കുമാറിനെ സെല്ലില്‍ എത്തിക്കുമ്പോള്‍ തീരെ അവശനായിരുന്നുവെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരന്‍ ചാക്കോ കമ്മീഷനെ അറിയിച്ചു. 

സെല്ലില്‍ എത്തിച്ചശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോയുടെ മൊഴിയിലുണ്ട്.ജൂണ്‍ 17 ന് രാത്രി 1.20 നാണ് നെടുങ്കണ്ടം സ്‌റ്റേഷനിലെ ഹോംഗാര്‍ഡും 3 പൊലീസുകാരും ചേര്‍ന്ന് കുമാറിനെ ജയിലില്‍ എത്തിച്ചത്. അവശനായിരുന്ന കുമാറിനെ പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് സെല്ലില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.50നാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇടുക്കി എ.ആര്‍ ക്യാമ്പില്‍നിന്ന് എസ്‌കോര്‍ട്ട് ആവശ്യപ്പെട്ടത്. എസ്‌കോര്‍ട്ട് വന്നില്ല. പിറ്റേന്ന് എസ്‌കോര്‍ട്ടില്ലാതെ ആശുപത്രിയിലാക്കി. 19 നും 20നും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. 21ന് രാവിലെ 10.20ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 10.45ന് മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് സൂപ്രണ്ട് മൊഴിനല്‍കി.എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാതിരുന്ന കുമാറില്‍ നിന്ന് വീണു പരിക്കേറ്റതാണെന്ന് എഴുതി വാങ്ങി ജയില്‍ അധികൃതര്‍ വിരലടയാളം പതിപ്പിച്ചത് വിചിത്രമാണ്. അവശനല്ലായിരുന്നെങ്കില്‍ എന്തിനാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ രാത്രി എസ്‌കോര്‍ട്ട് ആവശ്യപ്പെട്ടത്. പൊലീസ് എസ്‌കോര്‍ട്ട് കിട്ടിയില്ലെങ്കിലും ജയിലിലെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാത്തത് വീഴ്ചയാണ്. പീരുമേട് സ്‌റ്റേഷനിലെ രേഖകള്‍ കമ്മിഷന് പരിശോധിക്കാനായില്ല. വിവരങ്ങള്‍ അറിയുന്ന ഒരു പൊലീസുകാരനെപ്പോലും കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com