യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: ക്യാമ്പസിലെ പരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറാതെ കോളജ് അധികൃതര്‍

കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു ക്യാമ്പസില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച് ഇനിയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയില്ല.
യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: ക്യാമ്പസിലെ പരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറാതെ കോളജ് അധികൃതര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു ക്യാമ്പസില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച് ഇനിയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയില്ല. വിദ്യാര്‍ഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിലെ മുഖ്യപ്രതി ആര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസിന്റെ വിശദാംശങ്ങളും കൈമാറിയില്ല. കോളജ് പ്രിന്‍സിപ്പലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍ നിന്നു കണ്ടെടുത്തെങ്കിലും ഇതു വ്യാജമാണെന്ന നിലപാടിലാണ് സര്‍വകലാശാല. രണ്ടു സംഭവത്തിലുമായി രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും വിശദാംശങ്ങള്‍ നല്‍കാതെ അന്വേഷണം മുന്നോട്ടു പോകില്ലെന്ന നിലപാടിലാണ് പൊലീസ്. പിടിച്ചെടുത്ത ഉത്തരക്കടലാസുകള്‍ എവിടെ നിന്നു വിതരണം ചെയ്തവയാണെന്നും ഏതു വര്‍ഷത്തെയാണെന്നും ആരാണ് ഇവ കൈകാര്യം ചെയ്തിരുന്നതെന്നും സംബന്ധിച്ച വിശദാംശങ്ങളാണു കന്റോണ്‍മെന്റ് പൊലീസ് തേടിയത്. ഇതേക്കുറിച്ച് കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കേരള സര്‍വകലാശാലാ അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു.

പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അദ്ദേഹം നാളെ മുതലേ പ്രവര്‍ത്തന നിരതനാകൂ. പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ ഉണ്ടായിരുന്ന സമയത്താണു പരിശോധന നടന്നത്. പുതിയ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കട്ടെ എന്ന അഭിപ്രായത്തിലാണ് കോളജ് വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com