ആ ഭീഷണി ഇവിടെവേണ്ട; ഗോപാലകൃഷ്ണനോട് ഡിവൈഎഫ്‌ഐ, അടൂരിന് പിന്തുണ

ആ ഭീഷണി ഇവിടെവേണ്ട; ഗോപാലകൃഷ്ണനോട് ഡിവൈഎഫ്‌ഐ, അടൂരിന് പിന്തുണ

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാന്‍ പറഞ്ഞ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് എതിരെ ഡിവൈഎഫ്‌ഐ. അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. 

ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളേയും ജയ്ശ്രീറാം വിളിപ്പിച്ചു ആള്‍ക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമര്‍ശിച്ചു കൊണ്ട് അടൂര്‍ പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്.

എല്ലാ പൗരന്‍മാരേയും പോലെ അടൂരിനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്രമുണ്ട്. അതിനിയും ഉണ്ടാവും. ഭീഷണിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കേണ്ട. ആര്‍എസ്എസിന്റെ ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വിലപ്പോവില്ല. ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. 

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആര്‍എസ്എസിന്റെ എക്കാലത്തെയും പദ്ധതിയാണെന്നും ഇത്തരം ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. ആദരണീയനായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബിജെപി യുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

ജയ് ശ്രീറാം വിളി പ്രകോപനപരമായ പോര്‍വിളിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ കത്തയച്ചതിനെതിരേയാണ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നത്. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും,എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം ഗോപാലകൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.

അടൂര്‍ ഉള്‍പ്പെടെ 49 സിനിമസാംസ്‌കാരിക പ്രവര്‍ത്തകരാണ് വര്‍ദ്ധിച്ചുവരുന്ന ജയ് ശ്രീറാം മര്‍ദനങ്ങള്‍ക്ക് എതിരെ മോദിക്ക് കത്തയച്ചത്. രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com