അഖില്‍ പറഞ്ഞത് കളളക്കഥ?; ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്; അന്വേഷണത്തില്‍ വഴിത്തിരിവായത് രാഖിയുടെ സിമ്മില്‍ നിന്നുളള വ്യാജ മെസേജ് , കുരുക്കില്‍

അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരയുന്ന സൈനികന്‍ അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്
അഖില്‍ പറഞ്ഞത് കളളക്കഥ?; ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്; അന്വേഷണത്തില്‍ വഴിത്തിരിവായത് രാഖിയുടെ സിമ്മില്‍ നിന്നുളള വ്യാജ മെസേജ് , കുരുക്കില്‍

തിരുവനന്തപുരം:  അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് തിരയുന്ന സൈനികന്‍ അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ലഡാക്കിലെ സൈനികകേന്ദ്രത്തില്‍ നിന്നെന്ന മട്ടില്‍ അഖില്‍ ഫോണില്‍ സംസാരിച്ചത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

രാഖിയെ കൊന്നിട്ടില്ലെന്നും താന്‍ ഒളിവിലല്ലെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലുണ്ടെന്നുമായിരുന്നു ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് അഖില്‍ നല്‍കിയ വിശദീകരണം. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടന്‍ പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും അഖില്‍ പറഞ്ഞു.

'രാഖിയെ ജൂണ്‍ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക്  5 വയസ് കൂടുതലുണ്ട്. അവള്‍ പിന്‍മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു.  എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്പ്രസില്‍ യാത്രതിരിച്ചു ഡല്‍ഹിയിലെത്തി 29നു യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.' ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകള്‍. 

അതേസമയം അന്വേഷണം വഴി തെറ്റിക്കാന്‍ നല്‍കിയ  മൊബൈല്‍ ഫോണ്‍ സന്ദേശമാണ് രാഖിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായതെന്ന് പൊലീസ് പറയുന്നു. രാഖിയുടെ സിം  ഫോണിലുപയോഗിച്ചാണു തുടരെ സന്ദേശങ്ങളയച്ചത്.  അഖിലുമായി  വഴി പിരിയുകയാണെന്നും താന്‍ മറ്റൊരു സുഹൃത്തുമായി ചെന്നൈയ്ക്ക് പോകുന്നുവെന്നുമടക്കമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
അന്വേഷണ ഭാഗമായി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു കാട്ടി അഖിലിന്റെ  ബന്ധുക്കള്‍ പൊലീസിനു നല്‍കിയ പരാതിക്കൊപ്പം ഈ സന്ദേശത്തിന്റെ പ്രിന്റൗട്ട് ആണ് നല്‍കിയത്. സന്ദേശം തന്നെ ഫോര്‍വേഡു ചെയ്തു തരാന്‍ പൊലീസ് ആവശ്യപ്പെട്ടു.  അപ്പോഴാണ്  സിം കാര്‍ഡ് യുവതിയുടേതാണെങ്കിലും അയച്ച ഫോണ്‍ മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞത്. 

സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വില്‍ക്കുന്ന കടയില്‍ നിന്ന് ഈ ഫോണ്‍ വാങ്ങിയത് പിടിയിലുള്ള ആദര്‍ശ് തന്നെയാണെന്ന് പൊലീസ് ഉറപ്പാക്കി. വിലരടയാളം ഉപയോഗിച്ചു ഓണാക്കുന്നതായിരുന്നു യുവതിയുടെ ഫോണ്‍. ശരീരം മറവു ചെയ്തതോടെ ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് മറ്റൊരു ഫോണ്‍ വാങ്ങേണ്ടി വന്നത്. 

പുത്തന്‍കട സ്വദേശിനി രാഖിയെ കാറില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ!, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാന്‍ ഉപയോഗിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു. പ്രതിയെന്ന് പൊലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരന്‍ രാഹുലിനെയുമാണ്. കുറെക്കാലമായി അഖില്‍ രാഖിയുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെണ്‍കുട്ടിയെ കണ്ടുവിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com