ന​ഗ്നയാക്കി ഉപ്പു വിതറിയ 'അതിബുദ്ധി' വിനയായി ; പത്തുലക്ഷംരൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺകോളും നിർണായകമായി ; അഖിലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്ന് അഖില്‍ മൊഴി നല്‍കി
ന​ഗ്നയാക്കി ഉപ്പു വിതറിയ 'അതിബുദ്ധി' വിനയായി ; പത്തുലക്ഷംരൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺകോളും നിർണായകമായി ; അഖിലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രധാനപ്രതി അഖിൽ പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോൺ ചെയ്തത് അന്വേഷണത്തിൽ നിർണായകമായി. കൊലപാതകത്തിന് ശേഷം ലഡാക്കിലെ സൈനിക ക്യാമ്പിലേക്കെന്ന് പറഞ്ഞുമടങ്ങിയ അഖിൽ ജോലിയിൽ പ്രവേശിച്ചില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ അഖിൽ സുരക്ഷിതമായ ഒളിയിടത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതിനായി വീട്ടിലേക്ക് ഫോൺചെയ്ത് പത്തുലക്ഷംരൂപ ആവശ്യപ്പെട്ടു. ഈ വിവരമാണ് പൊലീസിന് ലഭിച്ചത്. 

വിമാനത്തിൽ അഖിൽ നാട്ടിലെത്തുമെന്ന് സൂചന ലഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.  ശനിയാഴ്ച രാത്രി എട്ടിന് ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അഖിൽ എത്തിയത്. മഫ്തിയിലുള്ള പൊലീസ് സംഘം ഉടൻ തന്നെ അഖിലിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിച്ചു. തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നും അഖില്‍ മൊഴി നല്‍കി. 

അതിനിടെ രാഖിയുടെ മൃതദേഹം ന​ഗ്നമാക്കി ഉപ്പു വിതറിയ പ്രതികളുടെ അതിബുദ്ധി വിനയായി മാറി. ദുർ​ഗന്ധം വരാതിരിക്കാനായിരുന്നു പ്രതികൾ ഇത്തരത്തിൽ ചെയ്തത്. എന്നാൽ ഉപ്പു വിതറിയതോടെ മൃതദേഹം വേ​ഗത്തിൽ ജീർണിച്ചില്ല. ഇതോടെ കഴുത്തിൽ കയറിട്ടു കുരുക്കിയ പാടുകളെല്ലാം ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ചാക്കുകണക്കിന് ഉപ്പ് ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള ആസൂത്രണങ്ങൾ രാഖിയെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പാണ് നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

പുതുതായി പണിയുന്ന വീടിന് സമീപം വലിയ കുഴിയെടുക്കുന്നത് എന്തിനെന്ന് അയൽവാസികൾ ചോദിച്ചപ്പോൾ മരം നടാൻ എന്നായിരുന്നു മറുപടി. പിതാവിന് കൊലപാതകത്തിൽ പങ്കില്ലെന്ന അഖിലിന്റെ വാദവും പൊളിയുകയാണ്. പറമ്പിൽ കിളച്ചതും കുഴിയെടുത്തതുമെല്ലാം അഖിലിന്റെ പിതാവ് മണിയനും കൂടി ചേർന്നാണെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. മൃതദേഹം ന​ഗ്നനാക്കി കുഴിച്ചിട്ടത്, എന്നെങ്കിലും കിട്ടിയാലും ആരുടെയെന്ന് തിരിച്ചറിയാതിരിക്കാനാണ്. മൃതദേഹം കുഴിച്ചിട്ടതിന് ശേഷം കാർ പലവട്ടം കഴുകിയിരുന്നതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com