വൈറ്റില മേല്‍പ്പാല ക്രമക്കേടില്‍ അന്വേഷണം വേണം; ഇ ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കണം ; കോൺ​ഗ്രസ് പ്രക്ഷോഭത്തിന്

ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മന്ത്രി സുധാകരന്റെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പി ടി തോമസ്
വൈറ്റില മേല്‍പ്പാല ക്രമക്കേടില്‍ അന്വേഷണം വേണം; ഇ ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കണം ; കോൺ​ഗ്രസ് പ്രക്ഷോഭത്തിന്

കൊച്ചി : പാലാരിവട്ടം മേൽപ്പാല അഴിമതിയിൽ പ്രതിരോധത്തിലായ യുഡിഎഫ് വൈറ്റില മേൽപ്പാല ക്രമക്കേടിൽ സർക്കാരിനെതിരെ പ്രക്ഷോഭത്തിന്. വൈറ്റില മേല്‍പ്പാലം നിര്‍മാണം ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതോടെ പാലാരിവട്ടത്തിനു പിന്നാലെ വൈറ്റില മേല്‍പ്പാലം നിര്‍മാണ ക്രമക്കേടും എൽഡിഎഫ്-യുഡിഎഫ് മുന്നണികള്‍  തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിന് വേദിയാകുകയാണ്. 

നിർമ്മാണ ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് സ്ഥലം എംഎൽഎ പി ടി തോമസ് പരിഹസിച്ചു. പാലാരിവട്ടം പാലത്തിന്‍റെ മാതൃകയില്‍ വൈറ്റില മേല്‍പാലവും ഇ ശ്രീധരനെ കൊണ്ട് പരിശോധിപ്പിക്കണം. സമഗ്ര അന്വേഷണം വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന മന്ത്രി ജി സുധാകരന്‍റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് മരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ക്രമക്കേടിനെ പറ്റി അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വൈറ്റില മേൽപ്പാല നിർമ്മാണ ക്രമക്കേടിൽ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com