നെടുങ്കണ്ടം കസ്റ്റഡി കൊല: രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീ പോസ്റ്റുമോർട്ടം ചെയ്യും 

ന്യുമോണിയ മൂലമാണ് രാജ് കുമാർ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട്
നെടുങ്കണ്ടം കസ്റ്റഡി കൊല: രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീ പോസ്റ്റുമോർട്ടം ചെയ്യും 

ഇടുക്കി: നെടുങ്കണ്ടം പൊലീസിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ചിട്ടിതട്ടിപ്പ് കേസ് പ്രതി രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. ജുഡീഷ്യൽ കമ്മീഷന്റെ സാന്നിധ്യത്തിൽ രാവിലെ പത്ത് മണിയോടെയായിരിക്കും മൃതദേഹം പുറത്തെടുക്കുക. ആദ്യ പോസ്റ്റുമോർട്ടത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന ജുഡീഷ്യൽ കമ്മീഷന്റെ വിമർശനത്തിന് പിന്ന‌ാലെയാണ് റീ പോസ്റ്റ്മോർട്ടം. 

ന്യുമോണിയ മൂലമാണ് രാജ് കുമാർ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ രാജ് കുമാറിന് നെടുങ്കണ്ടം സ്റ്റേഷനിൽ ക്രൂരമർദ്ദനമേറ്റെന്നും, തക്ക സമയത്ത് വൈദ്യസഹായം കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. റീ പോസ്റ്റുമോർട്ടം നടത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് കമ്മീഷന്റെ നിലപാട്. 

രാജ്കുമാറിന്റെ വാരിയെല്ലുകള്‍ക്കേറ്റ പരിക്കായിരിക്കും റീപോസ്റ്റുമോര്‍ട്ടത്തില്‍ പ്രധാനമായും പരിശോധിക്കുക. ഇത് പോലീസ് മര്‍ദനത്തില്‍ സംഭവിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ പരിശോധന നടത്തും.

പൊലീസ് സർജൻമാരായ പി ബി ഗുജ്റാൾ, കെ പ്രസന്നൻ, എകെ ഉന്മേഷ് എന്നിവരാണ് റീ പോസ്റ്റുമോർട്ടം നടത്തുന്നത്. രാജ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചിട്ട് ഒരുമാസത്തിലേറെ പിന്നിട്ട സാഹചര്യത്തിൽ മൃതദേഹത്തിന്റെ അവസ്ഥ നോക്കിയായിരിക്കും എവിടെ വച്ച് പോസ്റ്റുമോർട്ടം നടത്തണമെന്ന് നിശ്ചയിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com