'പോരെടുക്കുന്ന അമ്മായിയമ്മ മരുമകളെ കാണുന്നപോലെ തന്നെ കാണുന്നു'; അവരുടെ മാനസിക നില തെറ്റിയെന്ന് മറുപടി; ഓഫിസ് മുറിയിലിരുന്നു വനിത ഉദ്യോഗസ്ഥരുടെ പോര്

പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗത്തിലെ മുതിര്‍ന്ന വനിത ഉദ്യോഗസ്ഥര്‍ തമ്മിലായിരുന്നു തര്‍ക്കം
'പോരെടുക്കുന്ന അമ്മായിയമ്മ മരുമകളെ കാണുന്നപോലെ തന്നെ കാണുന്നു'; അവരുടെ മാനസിക നില തെറ്റിയെന്ന് മറുപടി; ഓഫിസ് മുറിയിലിരുന്നു വനിത ഉദ്യോഗസ്ഥരുടെ പോര്

കൊച്ചി; വൈറ്റില മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അസിസ്റ്റന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും മേല്‍ ഉദ്യോഗസ്ഥയും തമ്മില്‍ തുറന്ന പോര്. ഓഫിസിലെ രണ്ട് മുറികളില്‍ ഇരുന്നാണ് ഇരുവരും ചെളിവാരി എറിഞ്ഞത്. പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗത്തിലെ മുതിര്‍ന്ന വനിത ഉദ്യോഗസ്ഥര്‍ തമ്മിലായിരുന്നു തര്‍ക്കം. 

'പോരെടുക്കുന്ന അമ്മായിയമ്മ മരുമകളെ കാണും പോലെ'യാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തന്നെ കണ്ടിരുന്നതെന്ന് സസ്‌പെന്‍ഷനിലായ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തുറന്നടിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മാനസിക നില തെറ്റിയെന്നു പല തവണ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കാന്‍ ഒരുങ്ങിയതാണെന്നായിരുന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മറുപടി.

കലക്ടറേറ്റിലെ ഓഫിസില്‍  ഇന്നലെ ഉച്ചയോടെയാണ് വാക്‌പോര് അരങ്ങേറിയത്. ഓഫിസിലെ രണ്ടു മുറികളിലിരുന്നാണ് ഉദ്യോഗസ്ഥകള്‍ പരസ്യമായി പരസ്പരം പഴിചാരിയത്. ഇതിന് സാക്ഷിയാകാന്‍ പൊതുജനങ്ങളും രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ഓഫിസിലെത്തിയതോടെ കളം നിറഞ്ഞു.

ചുമതല ഒഴിയുന്ന നടപടി പൂര്‍ത്തിയാക്കാനെത്തിയപ്പോള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തടസവാദങ്ങള്‍ ഉയര്‍ത്തിയെന്നും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥ പറഞ്ഞു. 'ഞാന്‍ യുഡിഎഫുമല്ല എല്‍ഡിഎഫുമല്ല. ജനങ്ങള്‍ക്കൊപ്പമാണ്. കൈക്കൂലി വാങ്ങിയിട്ടല്ല സസ്‌പെന്‍ഷനിലായത്. യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയതിനാണ്. അതുകൊണ്ടാണ് തല ഉയര്‍ത്തി ഓഫിസിലേക്കു വരാനായത്. വൈറ്റില, പാലാരിവട്ടം പാലങ്ങള്‍ ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നത് '' അവര്‍ പറഞ്ഞു. 

അതേ സമയം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാസങ്ങളായി തന്നെ കരയിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മറുപടി. ഓഫിസിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറില്‍ നിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. വൈറ്റില മേല്‍പാലം പണി നല്ല നിലയില്‍ നടക്കുന്നുവെന്നാണ് അവര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം അറിയില്ല. ഇത്തരം റിപ്പോര്‍ട്ടുകളൊന്നും മേലുദ്യോഗസ്ഥയായ തന്നെ അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഈ സമയം ഓഫിസിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com