രാഖിയുടെ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കടത്താനും പദ്ധതിയിട്ടു ; ഡാമിലോ ചതുപ്പിലോ താഴ്ത്താന്‍ ആലോചിച്ചു ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഏതെങ്കിലും സാഹചര്യത്തില്‍ രാഖിയുടെ കൊലപാതകം പുറത്തറിഞ്ഞാല്‍ കൊലക്കുറ്റം രണ്ടാംപ്രതി രാഹുല്‍ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു
രാഖിയുടെ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കടത്താനും പദ്ധതിയിട്ടു ; ഡാമിലോ ചതുപ്പിലോ താഴ്ത്താന്‍ ആലോചിച്ചു ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്


തിരുവനന്തപുരം : അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയ ശേഷം രാഖിയുടെ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ആലോചിച്ചിരുന്നതായി പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. തമിഴ്‌നാട്ടില്‍ ഏതെങ്കിലും ഡാമിലോ ചതുപ്പിലോ താഴ്ത്താനായിരുന്നു നീക്കം. എന്നാല്‍ മൃതദേഹവുമായി യാത്ര ചെയ്യുന്നത് അപകടമാകുമോ എന്ന ചിന്തയാണ് വീട്ടില്‍ തന്നെ കുഴിച്ചിടാന്‍ തീരുമാനിച്ചതിന് കാരണം. 

ഏതെങ്കിലും സാഹചര്യത്തില്‍ രാഖിയുടെ കൊലപാതകം പുറത്തറിഞ്ഞാല്‍ കൊലക്കുറ്റം രണ്ടാംപ്രതി രാഹുല്‍ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. മുഖ്യപ്രതി അഖിലിന്റെ സൈനിക ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. എന്നാല്‍ കേസി ലെ കൂട്ടുപ്രതി ആദര്‍ശ് പിടിയിലായതോടെ ഈ തന്ത്രം പൊളിഞ്ഞതായും പ്രതികള്‍ സമ്മതിച്ചു. 

ആദര്‍ശിലൂടെയാണ് പൊലീസ് കൊലപാതകത്തിലെ അഖിലിന്റെ പങ്കിലേക്ക് എത്തിയത്. കൊലപാതകത്തില്‍ അഖിലിന്റെ കുടുംബത്തിനും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മക്കള്‍ ഇക്കാര്യം മതാപിതാക്കളെ അറിയിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കൊലപാതകം അച്ഛനും അമ്മയും അറിഞ്ഞിരുന്നു എന്നതിന് വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ പറമ്പില്‍ കിളയ്ക്കുന്നതിനും കുഴിയെടുക്കുന്നതിനും അഖിലിന്റെ അച്ഛന്‍ മണിയനും ഒപ്പമുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഖിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് വേണ്ടിയാണ് കുഴിയെടുക്കുന്നതെന്ന് മണിയന് അറിയാമായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമെ പിതാവിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് പൊലീസ് അറിയിച്ചു. 

മുഖ്യപ്രതി അഖിലിനെ പൊലീസ് ഇന്നലെ അമ്പൂരിയില്‍ എത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൊണ്ടിമുതലുകള്‍ ഒന്നും കണ്ടെടുക്കാനായില്ല. രാഖിയെ കുഴിച്ചിട്ട സ്ഥലം അഖില്‍ പൊലീസിന് ചൂണ്ടിക്കാണിച്ചു. രാഖിയുടെ കഴുത്ത് മുറുക്കിയ കയര്‍ വീട്ടിലുണ്ടന്ന് അഖില്‍ പറഞ്ഞെങ്കിലും എടുക്കാനായില്ല രാഖിയുടേതെന്ന് കരുതുന്ന മുടിയിഴകളും രക്തം പുരണ്ട ഇലകളും ഫൊറന്‍സിക് സംഘം കണ്ടെടുത്തു. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാത്തതും അഖിലിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതുമാണ് കൊലക്ക് കാരണമെന്ന് രണ്ടാം പ്രതിയായ അഖിലിന്റെ സഹോദരന്‍ രാഹുലുള്‍പ്പെടെ മൂന്ന് പ്രതികളും സമ്മതിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com