കോളജിനുള്ളില്‍ എസ്എഫ്‌ഐക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; അഞ്ച് പേര്‍ക്ക് പരിക്ക്

കൊളജിലെ എസ്എഫ്‌ഐക്കാരെ പുറത്തുനിന്നെത്തിയ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുകയായിരുന്നു
കോളജിനുള്ളില്‍ എസ്എഫ്‌ഐക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; അഞ്ച് പേര്‍ക്ക് പരിക്ക്

തൃശൂര്‍; തൃശൂര്‍ പഴഞ്ഞി എംഡി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി അഞ്ച് പേര്‍ക്ക് പരിക്ക്. കൊളജിലെ എസ്എഫ്‌ഐക്കാരെ പുറത്തുനിന്നെത്തിയ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 20 പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. 

കാമ്പസില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളെയാണ് ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ഥികളും ആദ്യവര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോളേജ് അധികൃതര്‍ ഇത് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി. ഇതിന്റെ തുടര്‍ച്ചയായി ചൊവ്വാഴ്ച രാവിലെ കോളേജില്‍ തര്‍ക്കമുണ്ടായി. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ബെന്ന, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണുനാരായണന്‍ എന്നിവര്‍ക്ക് ഇതില്‍ പരിക്കേറ്റിരുന്നു. കുന്നംകുളത്തുനിന്ന് പോലീസെത്തിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.

ഇതിനെത്തുടര്‍ന്നാണ് വീണ്ടും അക്രമം ഉണ്ടായത്. കോളേജിലെ പൂര്‍വവിദ്യാര്‍ഥികളും മറ്റു കോളേജുകളില്‍നിന്നെത്തിയവരുമാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്രിക്കറ്റ് സ്റ്റമ്പ്, ഇരുമ്പുദണ്ഡ്, കമ്പി, പട്ടിക തുടങ്ങിയവയുമായെത്തിയാണ് ആക്രമിച്ചത്. യൂണിറ്റ് ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ നില്‍ക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനും ലഹരി ഉപയോഗിക്കുന്നവരെന്ന് മുദ്രകുത്തി കോളേജില്‍നിന്ന് പുറത്താക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com