മരുന്നുകള്‍ക്കും സിമന്റിനും മൊബൈലിനും വില കൂടും ; സ്വര്‍ണ്ണവും വെള്ളിയും കൈ പൊള്ളിക്കും ; 928 ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ പ്രളയസെസ്

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയസെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയസെസ് നാളെ മുതല്‍ പ്രാബല്യത്തില്‍. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയസെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു ശതമാനത്തില്‍ താഴെ ജിഎസ്ടി നിരക്കുളള നിത്യോപയോഗ സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. 

അരി, ഉപ്പ്, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജിഎസ്ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം,ബസ്,ട്രെയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. 12%,18%,28% ജി എസ് ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ചുമത്തുക. വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. 

ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍,മരുന്നുകള്‍,സിമന്റ് ,പെയിന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും  നാളെ മുതല്‍ വില കൂടും. 100 രൂപ വിലയുളള ഉല്‍പ്പന്നത്തിന് ഒരു രൂപ കൂടുമ്പോള്‍ 10 ലക്ഷം രൂപയുളളതിന് 10000 രൂപ കൂടും. ജിഎസ് ടിക്ക് പുറത്തുളള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് നല്‍കേണ്ടതില്ല. സ്വര്‍ണ്ണം, വെളളി ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനമാണ് സെസ്. രണ്ടു വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തിയത്. ഇതു വഴി 1200 കോടി രൂപ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com