ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ പിടി ഉറപ്പ് ; നാലുമാസത്തിനിടെ പോയത് 777 ലൈസന്‍സ്

മദ്യപിച്ചു വാഹനമോടിച്ച 584 പേരുടെയും അമിതവേഗത്തിനു 431 പേരുടെയും ലൈസന്‍സ് റദ്ദാക്കി
ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ പിടി ഉറപ്പ് ; നാലുമാസത്തിനിടെ പോയത് 777 ലൈസന്‍സ്

തിരുവനന്തപുരം : ഗതാഗത നിയമങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസ കാലയളവിനിടെ മാത്രം മോട്ടോര്‍ വാഹന വകുപ്പ് 9577 ലൈസന്‍സ് റദ്ദാക്കി. നടപടി നേരിട്ടതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഫോണ്‍ വിളിച്ച് വാഹനം ഓടിച്ചവരുടേതാണ്. 

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്, സംസ്ഥാനത്ത് നാലുമാസത്തിനിടെ 777 പേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. മദ്യപിച്ചു വാഹനമോടിച്ച 584 പേരുടെയും അമിതവേഗത്തിനു 431 പേരുടെയും ലൈസന്‍സ് റദ്ദാക്കി. അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്‌നല്‍ തെറ്റിച്ചതിന് 53 പേരുടെയും ലൈസന്‍സുകളും റദ്ദാക്കി. 2018 ല്‍ വിവിധ കാരണങ്ങളാല്‍ റദ്ദാക്കിയത് 17,788 ലൈസന്‍സായിരുന്നു. 2017 ല്‍ ഇത് 14,447 ആയിരുന്നു.

2017ലും 2018ലും ഏറ്റവുമധികം ലൈസന്‍സുകള്‍ റദ്ദാക്കിയത് മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലായിരുന്നു. 2017 ല്‍ 8548 പേര്‍ക്കും 2018 ല്‍ 11,612 പേര്‍ക്കും. അതേസമയം അമിതവേഗം, അമിതഭാരം കയറ്റല്‍ എന്നിവയുടെ പേരിലുള്ള കേസുകള്‍ കുറഞ്ഞു. നിയമലംഘനത്തിന്റെ തോതനുസരിച്ചാണു ലൈസന്‍സ് റദ്ദാക്കുന്നതിന്റെ കാലാവധി നിശ്ചയിക്കുന്നത്. കുറഞ്ഞത് മൂന്നു മാസമാണ് ലൈസന്‍സ് റദ്ദാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com