നിപ: തൃശൂരില്‍ 27 ഉം കൊല്ലത്ത് മൂന്നുപേരും നിരീക്ഷണത്തില്‍

ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, തൃശൂരില്‍ 27 ഉം കൊല്ലത്ത് മൂന്നുപേരും നിരീക്ഷണത്തില്‍. തൃശൂരില്‍ 17 പുരുഷന്മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിലുളളത്. ഒരാള്‍ക്ക് നേരിയ പനിയുണ്ട്. ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. 

അതേസമയം രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാലുപേര്‍ക്ക് പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. 
രോഗിയുടെ അടുത്ത സുഹൃത്തിനും ബന്ധുവിനും രോഗിയെ ആദ്യം പരിചരിച്ച രണ്ടും നഴ്‌സുമാര്‍ക്കുമാണ് പനി. ഇതില്‍ സുഹൃത്തിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട് . ഇവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യുവാവിന്റെ വീട്ടുകാര്‍ക്ക് ആര്‍ക്കും ഇപ്പോള്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയിച്ചിട്ടില്ല. എങ്കിലും ഇവരും നിരീക്ഷണത്തിലാണ്. രോഗിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഇപ്പോള്‍ സ്‌റ്റേബിളാണ്. ആവശ്യത്തിന് റിബാവൈറിന്‍ മരുന്ന് സ്‌റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എയിംസിലെ ആറംഗ ഡോക്ടര്‍മാരുടെ സംഘവും കോഴിക്കോട് നിന്നുള്ള വിദഗ്ധ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. നിപ ബാധയെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്.  

കൊച്ചി മെഡിക്കല്‍ കോളേജില്‍ അടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍  ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. രോഗിയുടെ സ്രവങ്ങള്‍ നേരിട്ട് ശരീരത്തില്‍ പതിച്ചാല്‍ മാത്രമേ രോഗം പടരുകയുള്ളൂ. ആളുകള്‍ ഭയക്കേണ്ടതില്ല. പനിയോ എന്തെങ്കിലും ശാരീരിക അസ്വസ്ഥതയോ തോന്നുന്നവര്‍ ഉടന്‍ വിദഗ്ധ ഡോക്ടര്‍മാരെ സമീപിക്കേണ്ടതാണ്. വവാല്‍ ഭക്ഷിച്ചതോ മറ്റുമുള്ള ഫലങ്ങള്‍ ആളുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗം സംബന്ധിച്ച് ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com