നില അതീവഗുരുതരം, പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണം; തുക കരാറുകാരില്‍ നിന്ന് ഈടാക്കണം; വിജിലന്‍സ് എഫ്‌ഐആര്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ പുറത്ത്
നില അതീവഗുരുതരം, പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണം; തുക കരാറുകാരില്‍ നിന്ന് ഈടാക്കണം; വിജിലന്‍സ് എഫ്‌ഐആര്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ പുറത്ത്. പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പുതുക്കി പണിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് ഗുണം ചെയ്യില്ല. പാലം പുതുക്കിപണിയുന്നതിന്റെ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും എഫ്‌ഐആറില്‍ പറയുന്നു.

പാലത്തിന്റെ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എംഡി സുജിത് ഗോയലാണ് ഒന്നാം പ്രതിയെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. എഫ്‌ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അമിത ലാഭത്തിനായി പാലത്തിന്റെ ഡിസൈന്‍ വരെ മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്തെ സിമന്റാണെന്നും കമ്പികള്‍ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും , ഉപയോഗിച്ചവയ്ക്ക് നിര്‍ദേശിക്കപ്പെട്ട ഗുണനിലവാരം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com