വട്ടിയൂര്‍ക്കാവില്‍ കുമ്മനമോ സുരേഷ് ഗോപിയോ; ബിജെപിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം, ഉപതെരഞ്ഞെടുപ്പിനു തയാറെടുപ്പു തുടങ്ങി

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനോ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയോ ബിജെപി സ്ഥാനാര്‍ഥിയാവാന്‍ സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനോ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയോ ബിജെപി സ്ഥാനാര്‍ഥിയാവാന്‍ സാധ്യത. ഇതു സംബന്ധിച്ച് ബിജെപിയില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു പരാജയപ്പെട്ടെങ്കിലും വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തന്നെയാണെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായ കുമ്മനം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഒന്നാമതെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതു സംഭവിക്കാതിരുന്നത് വലിയ തോതില്‍ ക്രോസ് വോട്ടിങ് നടന്നതുകൊണ്ടാണെന്നാണ് പാര്‍ട്ടി കരുതുന്നത്. 3545 വോട്ടിനാണ് വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍ ലീഡ് നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇവിടെ കുമ്മനത്തിനു തന്നെയായിരുന്നു മേല്‍ക്കൈ. ഉപതെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാവുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.

കുമ്മനം അല്ലാത്ത പക്ഷം സുരേഷ് ഗോപിയാണ് ബിജെപി പരിഗണിക്കുന്ന മറ്റൊരാള്‍. പാര്‍ട്ടിയെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി പുറത്തെടുത്തത്. പ്രചാരണത്തിലുടനീളം ജനങ്ങളെ ഇളക്കിമറിച്ച സുരേഷ് ഗോപിയുടെ ശൈലി വലിയ തോതില്‍ വോട്ടായി മാറുമെന്ന് തൃശൂരില്‍ തെളിഞ്ഞതാണ്. തൃശൂരിനേക്കാള്‍ പാര്‍ട്ടിക്കു മേല്‍ക്കൈയുള്ള വട്ടിയൂര്‍ക്കാവില്‍ ഇതു കൂടുതല്‍ ഗുണം ചെയ്യും. അതിലൂടെ വിജയം ഉറപ്പിക്കാനുമാവുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

നാളെ തുടങ്ങുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി കഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിടത്തും വിജയം നേടാനാവാതെ പോയത് കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന ഘടകത്തെക്കുറിച്ച് അതൃപ്തിക്കു കാരണമായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ഏതു വിധത്തിലും അതു മറികടക്കാനാണ് സംസ്ഥാന  നേതൃത്വം ശ്രമിക്കുന്നത്. 

എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ നാലു മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്. കോന്നി, അരൂര്‍, എറണാകുളം എന്നിവയാണ് മറ്റു മണ്ഡലങ്ങള്‍. അംഗങ്ങള്‍ മരിച്ചതിനെത്തുടര്‍ന്ന് മഞ്ചേശ്വരം, പാലാ എന്നിവിടങ്ങളും ഇവയ്‌ക്കൊപ്പം ഉപതെരഞ്ഞെടുപ്പു നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com