നിപ വൈറസ്: ഉറവിടം തേടി വിദഗ്ധര്‍ പറവൂരിലും തൊടുപുഴയിലുമെത്തി, രോഗനിര്‍ണയം ഇനി കളമശേരിയില്‍ നടത്താം

നിപ്പ ബാധിച്ച വിദ്യാര്‍ഥിയുടെ വടക്കേക്കര തുരുത്തിപ്പുറത്തുള്ള വീട്ടിലും വിദ്യാര്‍ഥി പഠിച്ച തൊടുപുഴയിലെ സ്വകാര്യ കോളജിലും താമസിച്ച വാടക വീട്ടിലുമായിരുന്നു പരിശോധന.
നിപ വൈറസ്: ഉറവിടം തേടി വിദഗ്ധര്‍ പറവൂരിലും തൊടുപുഴയിലുമെത്തി, രോഗനിര്‍ണയം ഇനി കളമശേരിയില്‍ നടത്താം

കൊച്ചി: നിപ വൈറസ് ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആറ് രോഗികള്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇനി ഒരു രോഗിയുടെ കൂടി റിസള്‍ട്ട് മാത്രമേ പൂണെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ലഭിക്കാനുള്ളു. ഈ സാഹചര്യത്തില്‍ നിപ്പ വൈറസിന്റെ ഉറവിടം തേടി കേന്ദ്ര വിദഗ്ധ സംഘം പറവൂരിലും തൊടുപുഴയിലും എത്തി പരിശോധന നടത്തി. 

നിപ്പ ബാധിച്ച വിദ്യാര്‍ഥിയുടെ വടക്കേക്കര തുരുത്തിപ്പുറത്തുള്ള വീട്ടിലും വിദ്യാര്‍ഥി പഠിച്ച തൊടുപുഴയിലെ സ്വകാര്യ കോളജിലും താമസിച്ച വാടക വീട്ടിലുമായിരുന്നു പരിശോധന. ഭോപാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ നിന്നുള്ള സംഘമാണു പറവൂരിലെത്തിയത്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലും പന്നി ഫാമുകളിലും സംഘം പരിശോധന നടത്തി. ഇവിടെ നിന്നു വവ്വാലുകളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ചു. 

ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്‌ക്കെത്തിയത്. ഇവര്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഭോപാലിലെ ലാബില്‍ നടത്തും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണു തൊടുപുഴയില്‍ പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗത്തിന്റെ ഉറവിടം തൊടുപുഴയില്‍ കണ്ടെത്താനായില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. 

നിപ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്കുള്ള സൗകര്യം കളമശേരി മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തി. പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി അധികൃതരുടെ സഹായത്തോടെയാണു പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയത്. ആദ്യം രോഗം ബാധിച്ച വിദ്യാര്‍ഥിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നതായി ഇതേവരെ കണ്ടെത്തിയ 316 പേരില്‍ 255 പേരുമായി ബന്ധപ്പെട്ടു വിവരം ശേഖരിച്ചു. 224 പേരുടെ വിവരങ്ങള്‍ സൂക്ഷ്മ വിശകലനം ചെയ്തതില്‍ 33 പേരെ ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തില്‍ പെടുത്തി നിരീക്ഷണം തുടരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com