സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോയത് പൊലീസ് ; പ്രകാശൻ തമ്പി കടയിൽ വന്നിട്ടില്ലെന്ന് ജ്യൂസ് കടയുടമ

സിസിടിവി ദൃശ്യങ്ങൾ പൊലീസാണ് കൊണ്ടുപോയതെന്ന് കൊല്ലത്തെ കടയുടമ
സിസിടിവി ദൃശ്യങ്ങൾ കൊണ്ടുപോയത് പൊലീസ് ; പ്രകാശൻ തമ്പി കടയിൽ വന്നിട്ടില്ലെന്ന് ജ്യൂസ് കടയുടമ

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കർ ജ്യൂസ് കുടിക്കാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസാണ് കൊണ്ടുപോയതെന്ന് കൊല്ലത്തെ കടയുടമ. രണ്ടുമാസം മുമ്പാണ് ദൃശ്യങ്ങൾ പൊലീസ് കൊണ്ടുപോയത്. പ്രകാശൻ തമ്പി കടയിൽ വന്നിട്ടില്ല. പ്രകാശൻ തമ്പിയെ തനിക്ക് അറിയില്ല. അന്ന് കടയിൽ വന്നത് ബാലഭാസ്കറാണെന്ന് അറിയില്ലെന്നും കടയുടമ ഷംനാദ് പറഞ്ഞു. പ്രകാശൻ തമ്പി കടയിൽ വന്ന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കൊണ്ടുപോയി എന്ന് മൊഴി നൽകിയിട്ടില്ലെന്നും ഷംനാദ് പറഞ്ഞു. 

പുലർച്ചെയാണ് ഇവരെത്തിയത്. ഒരാൾ ബർമുഡയാണ് ധരിച്ചിരുന്നത്. കാറിലുള്ള ഭാര്യയ്ക്ക് ജ്യൂസ് വേണ്ടേ എന്ന് ചോദിച്ചപ്പോൾ, രണ്ടുമൂന്നുദിവസമായി യാത്ര ചെയ്ത് ക്ഷീണിതയാണെന്നും വേണ്ടെന്നുമായിരുന്നു മറുപടി. കാർ ഓടിച്ചത് ആരാണെന്ന് താൻ കണ്ടില്ല. അവർ കടയിൽ എത്തിയശേഷമാണ് താൻ പുറത്തേക്ക് വന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം ഉണ്ടാകാം. എന്നാൽ താൻ ദൃശ്യങ്ങൾ ഇതുവരെ നോക്കിയിട്ടില്ല. 30 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദൃശ്യങ്ങൾ ഡിലീറ്റ് ആയിപ്പോയിട്ടുണ്ടാകുമെന്നും ഷംനാദ് പറഞ്ഞു. 

നേരത്തെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച്, പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിക്കെതിരെ കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദ് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കരസ്ഥമാക്കിയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്നായിരുന്നു റിപ്പോർട്ട്. പ്രകാശന്‍ തമ്പി കടയിലെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോകുകയും, പിന്നീട് തിരികെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഷംനാദ് വെളിപ്പെടുത്തിയത്. 

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാലഭാസ്‌കറും സംഘവും കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയത്. പൊലീസ് പരിശോധനയ്ക്ക് മുമ്പാണ് പ്രകാശന്‍ തമ്പി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. ക്യാമറ സ്ഥാപിച്ച ജീവനക്കാരുമായി എത്തിയാണ് പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഷംനാദിന്റെ മൊഴി രേഖപ്പെടുത്തിയത്. ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് കോടതിയില്‍ നിന്നും വാങ്ങി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താനായി ക്രൈംബ്രാഞ്ച് സംഘം കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയുടമ ഷംനാദിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ ആദ്യ അന്വേഷണ സംഘം ശേഖരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സിസിടിവിയിലെ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടോ എന്നും സംശയമുണ്ട്. 

ബാലഭാസ്‌കറിന്റെ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 231 കിലോമീറ്റര്‍ ദൂരം രണ്ടര മണിക്കൂര്‍ കൊണ്ടാണ് സഞ്ചരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിനിടെ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും കേസിലെ സാക്ഷി ജിഷ്ണുവും കേരളം വിട്ടുവെന്ന് സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com