പ്രധാനമന്ത്രിയുടെ സന്ദർശനം: ഗുരുവായൂരില്‍ ഇന്ന് രണ്ടുമണിവരെ മുറിയില്ല 

ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മുറികൾ ലഭിക്കില്ല
പ്രധാനമന്ത്രിയുടെ സന്ദർശനം: ഗുരുവായൂരില്‍ ഇന്ന് രണ്ടുമണിവരെ മുറിയില്ല 

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷ. ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മുറികൾ ലഭിക്കില്ല. ഇന്നലെ വൈകിട്ട് മുറിയെടുക്കാൻ വന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു. 

രാവിലെ 8.55ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ട് ഹെലികോപ്റ്റര്‍ മാർ​ഗ്​ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് എത്തുന്നത്. 10.10നാണ് ക്ഷേത്ര ദര്‍ശനത്തിന് സമയം നിശ്ചയിച്ചിരിക്കുന്നത്. താമരപൂവുകള്‍ കൊണ്ട് തുലാഭാരവും നടത്തും. ക്ഷേത്രപരിസരത്ത് വലിയ സുരക്ഷാനിയന്ത്രണമുണ്ടെങ്കിലും പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും ജനങ്ങള്‍ക്ക് അകലെനിന്നു കാണാനാകും. കിഴക്കേ നടപ്പന്തലിലെ രണ്ടാമത്തെ കല്യാണമണ്ഡപത്തിനടുത്ത് ബാരിക്കേഡ് കെട്ടി ഭക്തരെ നിയന്ത്രിക്കും. മൂന്നാമത്തെ കല്യാണമണ്ഡപത്തിനടുത്തുവരെ ഭക്തർക്ക് നിൽക്കാം. 

ഗുരുവായൂര്‍ ബസ് സ്റ്റാന്‍റുൾപ്പെടെ നഗരത്തിലെ എല്ലാ ഭാഗങ്ങളും സ്റ്റീലുകൊണ്ടുള്ള ബാരിക്കേഡുകള്‍ കെട്ടി ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മുഴുവന്‍ സമയവും പരിശോധനയ്ക്കുണ്ട്. മുന്നൂറോളം ഡിവൈഎസ്പിമാരും സിഐമാരുമടക്കം ആയിരത്തഞ്ഞൂറിലേറെ പൊലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങൾക്കായി വിന്യസിപ്പിച്ചിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com