കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും, സെന്‍കുമാറും പരിഗണനയില്‍ ; തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ചര്‍ച്ച

കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും, സെന്‍കുമാറും പരിഗണനയില്‍ ; തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ചര്‍ച്ച
കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും, സെന്‍കുമാറും പരിഗണനയില്‍ ; തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ചര്‍ച്ച

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന കോന്നിയില്‍ മുതിര്‍ന്ന നേതാവിനെത്തന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. മുന്‍ ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടിപി സെന്‍കുമാറാണ് ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ നടത്തിയ പ്രകടനം കണക്കിലെടുത്താന്‍ കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു വലിയ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനേഴായിരത്തില്‍ താഴെ വോട്ടു മാത്രമാണ് കോന്നിയില്‍ ബിജെപിക്കു നേടാനായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് നാല്‍പ്പത്തിയേഴായിരത്തോളമായി ഉയര്‍ത്താനായിട്ടുണ്ട്. മുപ്പതിനായിരം വോട്ടിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ചില പ്രത്യേക ഘടകങ്ങളാണ് കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പോവാന്‍ ഇടയാക്കിയതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥി വന്നാല്‍ വിജയം വരെ നേടാനാവുമെന്നും ജില്ലാ നേതാക്കള്‍ പറയുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ശബരിമല വിഷയം മുഖ്യ ചര്‍ച്ചയാക്കാന്‍ ബിജെപിക്കായിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. പത്തനംതിട്ട തന്നെ പ്രവര്‍ത്തനമണ്ഡലമായി തുടരുന്ന സുരേന്ദ്രന്‍ കോന്നിയില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ശബരിമല വിഷയം തന്നെ മുന്‍നിര്‍ത്തി ആറ്റിങ്ങലില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ പരമാവധി നേട്ടം കൊയ്യാന്‍ കര്‍മ സമിതി നേതാവും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാറിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശവും ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സെന്‍കുമാറുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കര്‍മ സമിതിയിലെ മറ്റുള്ളവരുമായി ആശയ വിനിയമം നടന്നിട്ടുണ്ട്. സെന്‍കുമാര്‍ അനുകൂലമായി പ്രതികരിക്കുന്ന പക്ഷം കോന്നിയിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആ വഴിക്കു മുന്നോട്ടുപോവുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ തന്നെ ബിജെപിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വേഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തി പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനാണ് പാര്‍ട്ടിയുടെ പരിപാടി. ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കീഴ് ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com