ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; തോളെല്ലിന് ഗുരുതര പരുക്ക്; പ്രതിഷേധം

പൊലീസ് മര്‍ദ്ദനത്തില്‍ ക്യാന്‍സര്‍ ബാധിതനായ രാജേഷിന്റെ തോളെല്ലിന് ഗുരുതരമായി പരുക്കേറ്റു
ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; തോളെല്ലിന് ഗുരുതര പരുക്ക്; പ്രതിഷേധം

കൊല്ലം: കൊല്ലം അഞ്ചലില്‍ ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. വാഹനപരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് പൊലീസിന്റെ ക്രൂരത. പൊലീസ് മര്‍ദ്ദനത്തില്‍ ക്യാന്‍സര്‍ ബാധിതനായ രാജേഷിന്റെ തോളെല്ലിന് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. 

മര്‍ദ്ദനത്തില്‍ രാജേഷിന്റെ മേലാകെ ചതവുകളുണ്ട്. സംഭവത്തെ പറ്റി രാജേഷ് പറയുന്നത് ഇങ്ങനെ. അഞ്ചല്‍ ജങ്ഷന് സമീപത്തുവെച്ച് പരിശോധനയ്ക്കായി ഹോം ഗാര്‍ഡ് കൈകാണിച്ചു. മുന്നില്‍ മറ്റൊരു വാഹനം ഉള്ളതിനാല്‍ വണ്ടി മുന്നോട്ട് നിര്‍ത്താന്‍ പോയപ്പോള്‍ ഹോം ഗാര്‍ഡ് വണ്ടിയില്‍ കയറി താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുമായി അഞ്ചല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ എത്തിയ ഉടനെ പൊലീസ് അകത്തേക്ക് തള്ളിയപ്പോള്‍ തല ചുവരിലിടിച്ചു. കൈക്ക് വിലങ്ങുകള്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു മര്‍ദ്ദനത്തിനിടെയാണ് തോളെല്ല് പൊട്ടിയത്. ക്യാന്‍സര്‍ രോഗിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും രാജേഷ് പറയുന്നു.

കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയപ്പോള്‍ ഹോം ഗാര്‍ഡിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വാഹനം ഓടിച്ചപ്പോള്‍ മദ്യപിച്ചിരുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാജേഷ് തന്നെ ചുവരില്‍  തലയിടിക്കുയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. 

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജേഷ് മദ്യപിച്ചിരുന്നെങ്കില്‍ പൊലീസ് മെഡിക്കല്‍ പരിശോധന നടത്തണമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com