കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

അങ്കിള്‍ ബണ്‍, മാളൂട്ടി, ആശംസകളോടെ, വസുധ എന്നീ ചിത്രങ്ങളുടെ ഗാനരചയിതാവാണ്
കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍(94) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 6.30ടെയായിരുന്നു അന്ത്യം. 

അങ്കിള്‍ ബണ്‍, മാളൂട്ടി, ആശംസകളോടെ, വസുധ എന്നീ ചിത്രങ്ങളുടെ ഗാനരചയിതാവാണ്. ഓര്‍മയുടെ വാതയനമാണ് പ്രധാന കവിതാ സമാഹാരം. മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്, പ്രയാണ പുരുഷന്‍ എന്നീ കവികതകളും, മായാത്ത വരകള്‍, നേര്‍വര എന്നീ ലേഖന സമാഹാരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2019ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കവി, ഗാനരചയിതാവ്, ലേഖനകര്‍ത്താവ്, ഭാഷാ പണ്ഡിതന്‍, മികച്ച സംഘാടകന്‍ എന്നിങ്ങനെ പല ഭാവങ്ങള്‍ സമന്വയിക്കുന്ന പ്രതിഭയാണ്. 1963 മുതല്‍ 68 വരെ കൗമദി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരായിരുന്നു. 1968 മുതല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. 

കൊല്ലം പെരിനാട് പഴവിളയില്‍ എന്‍ എ വേലായുധന്റേയും ഭാനുക്കുട്ടി അമ്മയുടേയും മകനായി 1925ലാണ് ജനനം. പതിനാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം ഗാനരചനയിലേക്കെത്തുന്നത്. ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളോടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനേതാവായും അദ്ദേഹമെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com