സൗമ്യയെ കൊന്നത് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാല്‍; ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കാമെന്ന് ഉറപ്പിച്ചു; അജാസിന്റെ മൊഴി

അടുത്തിടെയായി അവഗണന കൂടി. കടമായി വാങ്ങിയ പണം തിരികെ നല്‍കുകയും ഫോണില്‍ വിളിച്ചാല്‍ എടുക്കാതാകുകയും ചെയ്തതോടെ സൗമ്യ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നി. അതോടെ ദേഷ്യമായി
സൗമ്യയെ കൊന്നത് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാല്‍; ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കാമെന്ന് ഉറപ്പിച്ചു; അജാസിന്റെ മൊഴി

ആലപ്പുഴ:  വള്ളികുന്നം സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ പെട്രോളിഴിച്ച് കത്തിച്ചത് വിവാഹഭ്യര്‍ത്ഥന നിരസിച്ചത് മൂലമെന്നു പ്രതി അജാസിന്റെ മൊഴി. സൗമ്യയെ കൊന്ന് താനും മരിക്കാനാണ് വള്ളിക്കുന്നത്തെത്തിയതെന്നും ആലപ്പുഴ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് കെ കെ രജിത മുന്‍പാകെ അജാസ് നല്‍കിയ മൊഴിയില്‍ പറയുന്നു

വിവാഹം കഴിക്കാന്‍ ആഗ്രഹം അറിയിച്ചെങ്കിലും സൗമ്യ സമ്മതം നല്‍കിയില്ല. അടുത്തിടെയായി അവഗണന കൂടി. കടമായി വാങ്ങിയ പണം തിരികെ നല്‍കുകയും ഫോണില്‍ വിളിച്ചാല്‍ എടുക്കാതാകുകയും ചെയ്തതോടെ സൗമ്യ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നി. അതോടെ ദേഷ്യമായി.ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണു കൊലപാതകം ആസൂത്രണം ചെയ്തത്. 

കൊച്ചിയില്‍ നിന്ന് ആയുധങ്ങളും പെട്രോളും കാറില്‍ കരുതിയാണു ശനിയാഴ്ച വള്ളികുന്നത്തെത്തിയത്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സൗമ്യയെ വീഴ്ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. അങ്ങനെയാണു തനിക്കും പൊള്ളലേറ്റതെന്ന് അജാസ് പറഞ്ഞു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പറഞ്ഞതായി അറിയുന്നു.

പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം മിക്കവാറും തകരാറിലാണ്. ഇന്നലെ ഡയാലിസിസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം നടന്നില്ല. വ്യക്തമായി സംസാരിക്കാന്‍ പ്രയാസമുള്ളതിനാല്‍ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com