യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ ; ചോദ്യം ചെയ്യലിനായി ഉടന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചന

ബിനോയിക്കെതിരായ പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് സംഘം ശേഖരിക്കുകയാണ്
യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ ; ചോദ്യം ചെയ്യലിനായി ഉടന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചന

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ മുംബൈ പൊലീസ് ചോദ്യം ചെയ്യലിനായി ഉടന്‍ വിളിപ്പിച്ചേക്കുമെന്ന് സൂചന. ഇതിനായി പൊലീസ് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് സംഘം കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കുകയാണ്. 

യുവതിയുടെ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെയും കുട്ടിയുടെയും  ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ എട്ടു വയസ്സുള്ള കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ കോളത്തില്‍ ബിനോയി കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബിനോയിക്കെതിരായ പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍, കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് സംഘം ശേഖരിക്കുകയാണ്. ബിനോയിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പൊലീസിന് യുവതി സമര്‍പ്പിച്ചിട്ടുണ്ട്. 

2015 വരെ യുവതിയും ബിനോയിയും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ 2015 ല്‍ ബിനോയി പണം നല്‍കുന്നത് നിര്‍ത്തിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. 2015 ല്‍ ബിനോയി യുവതിയെയും കുട്ടിയെയും കാണാന്‍ എത്തുന്നത് നിര്‍ത്തിയതായും പൊലീസ് പറയുന്നു. യുവതി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ബിനോയിക്ക് കത്ത് അയച്ചത്, കുട്ടിയുടെ സംരക്ഷണത്തിനാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഓഷിവാര പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദിനപ്പത്രം വ്യക്തമാക്കുന്നു. 

ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. വിവാഹവാഗ്ദാനം നല്‍കി ബിനോയി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

അതേസമയം കണ്ണൂരില്‍ ബിനോയ് നല്‍കിയ പരാതിയില്‍ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്. കേസിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്ണൂര്‍ പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com