ബിനോയി വീട്ടില്‍ നിന്നും മാറി ; മൊബൈല്‍ ഫോണ്‍ ഓഫ് ; ഒളിവിലെന്ന് സൂചന ; പൊലീസ് നോട്ടീസ് കൈമാറി

ബിനോയിയുടെ തലശ്ശേരി തിരുവങ്ങാട്ടെ കുടുംബവീട്ടിലെത്തിയാണ് മുംബൈ പൊലീസ്‌ നോട്ടീസ് നല്‍കിയത്
ബിനോയി വീട്ടില്‍ നിന്നും മാറി ; മൊബൈല്‍ ഫോണ്‍ ഓഫ് ; ഒളിവിലെന്ന് സൂചന ; പൊലീസ് നോട്ടീസ് കൈമാറി

കണ്ണൂര്‍ : ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം എത്തിയതിന് പിന്നാലെ ബിനോയി കോടിയേരി വീട്ടില്‍ നിന്നും മാറി. ഇയാള്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. ബിനോയിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫാണെന്ന് പൊലീസ് സൂചിപ്പിച്ചു. ബിനോയിയെ ബന്ധപ്പെടാന്‍ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.

ഇന്നലെ ഉച്ചയോടെയാണ് മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ നിന്നും പൊലീസുകാര്‍ കണ്ണൂരിലെത്തിയത്. ബിനോയിയെ കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസ് സംഘം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പൊലീസുകാര്‍ ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തി ബിനോയിയുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും ശേഖരിച്ചു.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് ബിനോയിക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ബിനോയിയുടെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ബിനോയിയുടെ തലശ്ശേരി തിരുവങ്ങാട്ടെ കുടുംബവീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുംബൈ പൊലീസ് വെളിപ്പെടുത്തിയില്ല. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുംബൈ പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയതായാണ് സൂചന. 

മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ വിനായക് യാദവ്, ദേവാനന്ദ് പവാര്‍ എന്നിവര്‍ കണ്ണൂരിലെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് മുംബൈ ഡിസിപി മഞ്ജുനാഥ് സിംഗെ പറഞ്ഞു. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തെളിവുകള്‍ ശേഖരിക്കുകയാണ്. ബിനോയിയും യുവതിയും താമസിച്ച ഹോട്ടലുകാരോട് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ ഡിസിപി അറിയിച്ചു. 

ദുബായില്‍ ബാര്‍ നര്‍ത്തകിയായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ദുബായില്‍ വെച്ച് പരിചയപ്പെട്ട ബിനോയി, വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള മകനുണ്ടെന്നും, തനിക്കും മകനും 2015 വരെ ബിനോയി ചെലവിന് പണം തന്നിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com