സ്വര്‍ണപ്പൊതി താഴെ വീണു, സിസിടിവിയില്‍ കുടുങ്ങി; ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരി മൂന്നു മാസത്തിനു ശേഷം പിടിയില്‍ 

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വനിതകളുടെ ശൗചാലയത്തില്‍ കള്ളക്കടത്ത് സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരി മൂന്നു മാസത്തിനു ശേഷം പിടിയില്‍
സ്വര്‍ണപ്പൊതി താഴെ വീണു, സിസിടിവിയില്‍ കുടുങ്ങി; ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരി മൂന്നു മാസത്തിനു ശേഷം പിടിയില്‍ 

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വനിതകളുടെ ശൗചാലയത്തില്‍ കള്ളക്കടത്ത് സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരി മൂന്നു മാസത്തിനു ശേഷം പിടിയില്‍. ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മി ജയന്തി (27) ആണ് പിടിയിലായത്. ശൗചാലയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണപ്പൊതി താഴെ വീണതാണ് ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചയാളെ കണ്ടെത്താന്‍ കസ്റ്റംസിന് സഹായകമായത്.

90 ലക്ഷത്തോളം രൂപ വില വരുന്ന രണ്ടര കിലോ സ്വര്‍ണം മൂന്നു മാസം മുമ്പ് വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ശൗചാലയം വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് എത്തി സ്വര്‍ണം കസ്റ്റഡിയില്‍ എടുത്തു.

അന്ന് സ്വര്‍ണം ഒളിപ്പിച്ചയാളെ കണ്ടെത്താനായിരുന്നില്ല. ദുബായിയില്‍ നിന്ന് എത്തിയ യാത്രക്കാരിയാണ് സ്വര്‍ണം ഒളിപ്പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് യാത്രക്കാരിയെ കണ്ടെത്തുകയായിരുന്നു.  ശൗചാലയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് യാത്രക്കാരിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണപ്പൊതി താഴെ വീണതാണ് ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചയാളെ കണ്ടെത്താന്‍ കസ്റ്റംസിന് സഹായകമായത്. ഇവര്‍ പൊതി എടുത്ത് ശൗചാലയത്തിലേക്ക് കയറി. എന്നാല്‍ തിരിച്ചിറങ്ങിയപ്പോള്‍ ഇവരുടെ പക്കല്‍ പൊതി കണ്ടതുമില്ല.

കഴിഞ്ഞ ദിവസം ഇവരെ വിമാനത്താവളത്തില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. ഒരു കോടിയില്‍ താഴെ വില വരുന്ന സ്വര്‍ണമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. സ്വര്‍ണം ഒളിപ്പിച്ചയാളെ കണ്ടെത്തിയെങ്കിലും ശൗചാലയത്തില്‍നിന്ന് സ്വര്‍ണം എടുത്ത് പുറത്തെത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നവരെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com