പീഡന ശ്രമത്തില്‍ കല്ലട ബസ് ക്ഷമ പോലും ചോദിച്ചില്ല; പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് എ കെ ശശീന്ദ്രന്‍ 

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍
പീഡന ശ്രമത്തില്‍ കല്ലട ബസ് ക്ഷമ പോലും ചോദിച്ചില്ല; പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് എ കെ ശശീന്ദ്രന്‍ 

കോഴിക്കോട്:  യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കല്ലട ബസിനെതിരെ നടപടി എടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കും. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ പോലും കല്ലട ബസ് തയ്യാറായില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന അടക്കം വിവിധ നടപടികള്‍ കര്‍ശനമാക്കിയ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ അന്തര്‍ സംസ്ഥാന ബസുകള്‍ സമരത്തിലേക്ക് കടക്കുകയാണ്. ഈ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ശശീന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സമരം നടത്തുന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യാത്രക്കിടെ കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സന്‍ ജോസഫിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ ഇന്നലെ തള്ളിയത്.

മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസില്‍ യാത്ര ചെയ്യുന്നതിനിടെ പീഡന ശ്രമം ഉണ്ടായെന്നാണ് യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബസിലെ മറ്റ് ജീവനക്കാര്‍, കഴിയാവുന്നത്ര സഹയാത്രികര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com