സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടിജെഎസ് ജോര്‍ജിന് 

 2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടിജെഎസ് ജോര്‍ജിന്
സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടിജെഎസ് ജോര്‍ജിന് 

തിരുവനന്തപുരം:  2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടിജെഎസ് ജോര്‍ജിന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനും പാര്‍വതി ദേവി, എന്‍. പി. രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ടി. ജെ. എസ്. ജോര്‍ജിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. 

ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും സമകാലിക മലയാളത്തിന്റെയും എഡിറ്റോറിയല്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തെ 2011ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഫ്രീ പ്രസ് ജേര്‍ണലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം, ഇന്റര്‍നാഷ്ണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യവീക്കിന്റെ സ്ഥാപക പത്രാധിപരായിരുന്നു. ഘോഷയാത്ര, വികെ കൃഷ്ണമേനോന്റെ ജീവചരിത്രം, ദി ലൈഫ് ആന്റ് ടൈംസ് ഓഫ് നര്‍ഗീസ്, ലെസണ്‍സ് ഓഫ് ജേര്‍ണലിസം- ദി സ്റ്റോറി ഓഫ് പോത്തന്‍ ജോസഫ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com