തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കണമെന്ന് സര്‍ക്കാര്‍, പറ്റില്ലെന്ന് നഗരസഭ; ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കൗണ്‍സില്‍ 

നഗരസഭയുടെ തീരുമാനത്തെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കണമെന്ന് സര്‍ക്കാര്‍, പറ്റില്ലെന്ന് നഗരസഭ; ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കൗണ്‍സില്‍ 

ആലപ്പുഴ: മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് നഗരസഭ ചുമത്തിയ പിഴ അടക്കമുളള നികുതി വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ആലപ്പുഴ നഗരസഭ തള്ളി. കമ്പനിക്ക് വേണമെങ്കില്‍ ട്രൈബ്യൂണലിനെ
 സമീപിക്കാമെന്നും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തു. നഗരസഭയുടെ തീരുമാനത്തെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. റിസോര്‍ട്ടിന്റെ ലൈസന്‍സ് രണ്ട് മാസത്തേക്ക് കൂടി നീട്ടാനും നഗരസഭ തീരുമാനിച്ചു.

ചട്ടലംഘനത്തിന്റെ പേരില്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് നഗരസഭ ചുമത്തിയത് 2.75 കോടി രൂപയാണ്. എന്നാല്‍ ഇതിനെിരെ തോമസ് ചാണ്ടിയുടെ കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കി. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ പിഴത്തുക വെട്ടിക്കുറച്ചു. നഗരകാര്യ റീജണല്‍ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനി നഗരസഭയ്ക്ക് 35 ലക്ഷം രൂപ പിഴ ഒടുക്കിയാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തിലാണ് ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായത്.

സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്ന്  യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് 2.75 കോടി രൂപ പിഴയായി നിശ്ചയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കി. ഇതിനെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ അഭിപ്രായപ്രകാരം സര്‍ക്കാര്‍ നിര്‍ദേശം തള്ളുകയായിരുന്നു. 

ലേക് പാലസ് റിസോര്‍ട്ടിലെ 10 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ കണ്ടെത്തിയിരുന്നു. ഇതില്‍ 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയും 10 കെട്ടിടങ്ങള്‍ക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടി രൂപ  അടയ്ക്കാന്‍ നഗരസഭ നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com