പീരുമേട് കസ്റ്റഡിമരണം: ഇന്ന് തെളിവെടുപ്പ് തുടങ്ങും

മരിച്ച രാജ് കുമാറിന്റെ ഫിനാന്‍സ് സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്‌സിലും തെളിവെടുപ്പ് നടത്തും. 
പീരുമേട് കസ്റ്റഡിമരണം: ഇന്ന് തെളിവെടുപ്പ് തുടങ്ങും

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങും. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ഇതിനിടെ സംഭവത്തില്‍ നാല് പൊലീസുകാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. ഇന്ന് നെടുങ്കണ്ടം സ്‌റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ് കുമാറിന്റെ ഫിനാന്‍സ് സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്‌സിലും തെളിവെടുപ്പ് നടത്തും. 

ഇതുകൂടാതെ പീരുമേട് സബ് ജയില്‍, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അന്വേഷണ പുരോഗതി സംബന്ധിക്കുന്ന റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ട്. 

സംഭവത്തില്‍ നാല് പൊലീസുകാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ റൈറ്റര്‍ റോയ് പി വര്‍ഗീസ്, അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്, ബിജു എന്നിവരെയാണ് പുതുതായി സസ്‌പെന്‍ഡ് ചെയ്തത്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിന്റേതാണ് നടപടി. 

ഇതോടെ കേസില്‍ സസ്‌പെന്‍ഷനില്‍ ആവുന്ന പൊലീസുകാരുടെ എണ്ണം എട്ടായി. ഒന്‍പത് പേരെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com