കാനം മത്സരിക്കില്ല, തിരുവനന്തപുരത്ത് ബിനോയ് വിശ്വം? സിപിഐയില്‍ ചര്‍ച്ചകള്‍ തുടരുന്നു

കാനം മത്സരിക്കില്ല, തിരുവനന്തപുരത്ത് ബിനോയ് വിശ്വം? സിപിഐയില്‍ ചര്‍ച്ചകള്‍ തുടരുന്നു

കാനം പിന്‍വാങ്ങിയതോടെ തിരുവനന്തപുരം സീറ്റിലേക്ക് രാജ്യസഭാംഗമായ ബിനോയ് വിശ്വത്തെ പരിഗണിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവില്ല. പാര്‍ലമെന്ററി രംഗത്തേക്കില്ലെന്ന് കാനം പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തെ അറിയിച്ചു. കാനം പിന്‍വാങ്ങിയതോടെ തിരുവനന്തപുരം സീറ്റിലേക്ക് രാജ്യസഭാംഗമായ ബിനോയ് വിശ്വത്തെ പരിഗണിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം മണ്ഡലത്തിലേക്ക് കാനം രാജേന്ദ്രന്റെ പേര് ഒന്നാമതായി ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കു നല്‍കിയിരുന്നത്. കാനം മത്സരത്തിനില്ലെന്ന നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പെട്ട തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച വയ്ക്കണമെന്ന വാദം മുന്നോട്ടുവച്ചുകൊണ്ടാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുടെ പേരു നിര്‍ദേശിച്ചത്. കാനത്തിനു പുറമേ നെടുമങ്ങാട് എംഎല്‍എ സി ദിവാകരന്‍, ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ എന്നിവരുടെ പേരും പട്ടികിയിലുണ്ട്.

കാനം പിന്‍വാങ്ങിയതോടെ ദിവാകരന്റെ പേരു ചര്‍ച്ചയ്ക്കു വന്നെങ്കിലും ഇക്കാര്യത്തില്‍ സമവായത്തിനു സാധ്യതയില്ലെന്നാണ് സൂചന. ജിആര്‍ അനിലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോടും പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ പേരു പരിഗണിക്കുന്നത്.

മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ധാരണയായതായാണ് അറിയുന്നത്. 

തൃശൂരില്‍ സിറ്റിങ് എംഎല്‍എ സിഎന്‍ ജയദേവന്റെയും ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസിന്റെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com