'ഞങ്ങള്‍ അടി കൊണ്ട സിവില്‍ സ്റ്റേഷന്‍ ഗെയിറ്റിലൂടെയാണ് ഇന്ന് പുസ്തക ലോറി കടന്നു പോയത്'; അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകം എത്തിയ സന്തോഷം പങ്കുവച്ച് അധ്യാപികയുടെ കുറിപ്പ്

ആ സമരത്തില്‍ എനിക്ക് ഗുരുതരമായി ലാത്തിയടിയേറ്റു, ശരീരമാസകലം പരിക്ക് പറ്റി, നട്ടെല്ലില്‍ ചതവ് വന്നു. ഇ എം എസ് ആശുപത്രിയിലും കോട്ടക്കല്‍ ആര്യവൈദ്യശാലയിലും മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടി വന്നു കുറേയൊക്കെ
'ഞങ്ങള്‍ അടി കൊണ്ട സിവില്‍ സ്റ്റേഷന്‍ ഗെയിറ്റിലൂടെയാണ് ഇന്ന് പുസ്തക ലോറി കടന്നു പോയത്'; അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകം എത്തിയ സന്തോഷം പങ്കുവച്ച് അധ്യാപികയുടെ കുറിപ്പ്

കോട്ടയ്ക്കല്‍: അടുത്ത സ്‌കൂള്‍ വര്‍ഷത്തിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണം സംസ്ഥാനത്ത് നടക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് അധ്യാപികയെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പാഠപുസ്തകങ്ങള്‍ക്കായി സമരം നടത്തിയതിന് അടി കൊണ്ട് അറസ്റ്റിലാകുന്ന ചിത്രവും പാഠപുസ്തകങ്ങള്‍ ലോറിയില്‍ കൊണ്ട് ഇറക്കുന്ന ചിത്രവും മലപ്പുറം ജില്ലയിലെ സ്‌കൂള്‍ അധ്യാപികയായ സിബ്‌ല  പങ്കുവച്ചിട്ടുണ്ട്. അന്ന് നടത്തിയ സമരത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും ശരീരത്തിലുണ്ടെന്നും മുന്നിലെത്തുന്ന കുട്ടികള്‍ക്ക് അറിവ് പകരാന്‍ ഇത് വലിയ പാഠമാണെന്നും അവര്‍ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ഈ രണ്ട് ചിത്രങ്ങള്‍ കണ്ടിട്ടെന്ത് തോന്നുന്നു...?
ഒന്ന്, 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓണപ്പരീക്ഷയായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം കിട്ടാത്തതിന് എസ്എഫ്‌ഐ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പോലീസ് അടിയേറ്റ് വീണ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നു.

രണ്ട്,
ഇന്ന് അടുത്ത വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങള്‍ മലപ്പുറത്തെ ബുക്ക് ഡിപ്പോയില്‍ ഇറക്കുന്നു

ഫോട്ടോയില്‍ കാണുന്ന രണ്ട് സ്ഥലവും തമ്മില്‍ 500 മീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ.. പക്ഷേ കാലങ്ങള്‍ തമ്മില്‍ ഏറെ ദൂരമുണ്ട്. പൊതുവിദ്യാഭ്യാസം നശിപ്പിക്കാന്‍ ശ്രമിച്ചവരും പൊതുവിദ്യാഭാസം സംരക്ഷിക്കാന്‍ ശ്രമിച്ചവരും തമ്മിലുള്ള ദൂരമാണത്.

ആ സമരത്തില്‍ എനിക്ക് ഗുരുതരമായി ലാത്തിയടിയേറ്റു, ശരീരമാസകലം പരിക്ക് പറ്റി, നട്ടെല്ലില്‍ ചതവ് വന്നു. ഇ എം എസ് ആശുപത്രിയിലും കോട്ടക്കല്‍ ആര്യവൈദ്യശാലയിലും മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടി വന്നു കുറേയൊക്കെ ശരിയാകാന്‍, ഇപ്പോഴും അതിന്റെ അടയാളങ്ങള്‍ പേറിയാണ് ജീവിക്കുന്നത്. ചികിത്സ ഇനിയും ബാക്കിയുണ്ട്, എവിടേയും തോറ്റ് പോയില്ല, . ഞങ്ങള്‍ അത്രമേല്‍ ശരിയായിരുന്നു.ഒട്ടും പതറിയില്ല..
ഞങ്ങളുടെ ശരീരങ്ങളിലേറ്റ പരിക്കിനേക്കാള്‍ എത്രയോ വലുതായിരുന്നു അന്ന് കേരളത്തിന്റെ പൊതുവിദ്യാഭാസ രംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച പരിക്ക്.

നോക്കൂ..
ഞങ്ങള്‍ നടത്തിയ സമരങ്ങള്‍ എത്രമേല്‍ അര്‍ഥമുള്ളതായിരുന്നുവെന്ന്. ആ മുദ്രാവാക്യങ്ങള്‍ക്ക് എന്ത് കരുത്തായിരുന്നു എന്ന്.. ഇന്ന് ഞങ്ങളുടെ സര്‍ക്കാര്‍, സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി മുഖ്യമന്ത്രിയായ സര്‍ക്കാര്‍, അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ അടക്കുന്നതിന് മുന്‍പേ എത്തിച്ചിരിക്കുന്നു... അവധിക്കാലത്ത് തന്നെ അവ കുട്ടികളുടെ കൈകളിലെത്തും... ഞങ്ങള്‍ അടി കൊണ്ട് മുദ്രാവാക്യം വിളിച്ച് വീണ് കിടന്ന മലപ്പുറം സിവില്‍ സ്‌റ്റേഷന്റെ ഗേറ്റിലൂടെയാണ് പുസ്തകവുമായി വന്ന ലോറി കടന്ന് പോവുക. കാലമാണ് സാക്ഷി, അവിടത്തെ മണ്‍തരികള്‍ കാലത്തിന് സാക്ഷി പറയും. പുസ്തക നിഷേധികളുടെ കാലത്ത് ഞാനൊരു വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ ഞാനൊരധ്യാപികയാണ്.. മുന്നിലെത്തുന്ന കുട്ടികള്‍ക്ക് അറിവ് പകരാന്‍ ഇതെത്ര വലിയ പാഠമാണ്!!

ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലേക്കുള്ള 15 ലക്ഷത്തോളം പുസ്തകങ്ങള്‍ മലപ്പുറം ജില്ലയില്‍ വിതരണത്തിനെത്തിച്ചിട്ടുണ്ട്. ആറു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ പ്രിന്റിങ് പൂര്‍ത്തിയായി. ഒന്‍പത്, പത്ത് ക്ലാസുകളിലെ സിലബസില്‍ പരിഷ്‌കരണം വന്നതിനാല്‍ പ്രിന്റിങ് നടക്കുന്നതേയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പാഠ പുസ്തകങ്ങളും സ്‌കൂളുകളിലേക്ക് എത്തിക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com