'അയാള്‍ വന്നാല്‍ കൈകാര്യം ചെയ്യും'; പ്രിയനന്ദനന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കെതിരേ സംഘപരിപാര്‍ അതിക്രമം

കേരള ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നശിപ്പിച്ചു
'അയാള്‍ വന്നാല്‍ കൈകാര്യം ചെയ്യും'; പ്രിയനന്ദനന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കെതിരേ സംഘപരിപാര്‍ അതിക്രമം

ന്യൂഡല്‍ഹി; ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്ദനന്‍ പങ്കെടുക്കാനിരുന്ന പരിപാടി അലങ്കോലമാക്കി സംഘപരിവാര്‍. അതിക്രമിച്ച് കയറി ഭീഷണി മുഴക്കുകയും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കാര്‍ട്ടൂണുകള്‍ നശിപ്പിക്കുകയുമായിരുന്നു. ഡല്‍ഹിയില്‍ കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ പ്രിയനന്ദനന്റെ അഭിമുഖം നടത്താനിരിക്കെയാണ് അയ്യപ്പഭക്തരെന്ന പേരില്‍ ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. 

'സൈലന്‍സര്‍' എന്ന പുതിയ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെത്തിയതായിരുന്നു പ്രിയനന്ദനന്‍. തലസ്ഥാനത്തെത്തുന്ന സാഹിത്യസാംസ്‌കാരിക നായകരുമായി കേരള ക്ലബ്ബ് സാഹിതീസഖ്യത്തില്‍ പതിവായി സംവാദം സംഘടിപ്പിക്കാറുണ്ട്. ഇത് പുറത്തറിഞ്ഞതോടെ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്ലബ്ബിലും പരിസരത്തും തമ്പടിച്ചു. കേരള ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിച്ച ചില കാര്‍ട്ടൂണുകള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നശിപ്പിച്ചു. ചോദ്യം ചെയ്തവരെ കൈയേറ്റംചെയ്തു. പ്രിയനന്ദനന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ ഹാളില്‍ കൂടിനിന്ന് ശരണം വിളിച്ച് പ്രതിഷേധം തുടരുകയായിരുന്നു. 

ഹിന്ദുവിശ്വാസികളെ മുറിവേല്‍പ്പിച്ച പ്രിയനന്ദനനെപ്പോലെ ഒരാളുമായി കേരള ക്ലബ്ബില്‍ സംവാദം സംഘടിപ്പിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രിയനന്ദനന്‍ എത്തിയാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിമുഴക്കി. പ്രതിഷേധവുമായി അവര്‍ വേദിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ഭാരവാഹികളില്‍ ചിലര്‍ തടഞ്ഞു. അരമണിക്കൂറിലേറെ ഭീഷണി മുഴക്കിയശേഷം ഇനിയും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാല്‍ ചോദ്യംചെയ്യുമെന്നു പ്രഖ്യാപിച്ച് സംഘം പിരിഞ്ഞുപോയി. 

സംഭവത്തില്‍ വലിയ നിരാശ തോന്നുന്നുവെന്ന് പ്രിയനന്ദനന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഇടയില്‍ മനുഷ്യത്വം മറന്നുപോവുന്നതാണ് ഇത്തരം സംഭവങ്ങള്‍. ഇതൊരു നല്ല പ്രവണതയാണെന്ന് തോന്നുന്നില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും ആചാരങ്ങളെയും ചോദ്യംചെയ്തിട്ടില്ലെന്നും അന്ധവിശ്വാസങ്ങളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് അദ്ദേഹം പറയുന്നത്. ഭാഷാപരമായി തനിക്ക് വന്ന തെറ്റുകള്‍ക്ക് നേരത്തെ ക്ഷമ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com