കോട്ടയത്ത് പിജെ ജോസഫ്?; മാണിയുടെ നിര്‍ണായക തീരുമാനം ഇന്ന്; കോണ്‍ഗ്രസിന്റെ മധ്യസ്ഥത വേണ്ടെന്ന് മാണി വിഭാഗം

വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും  വ്യക്തമാക്കിയതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കേരള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്. 

രാവിലെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ധാരണയുണ്ടായില്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകും. പിളര്‍പ്പിന്റെ ആശങ്ക അണികള്‍ക്കിടയിലുമുണ്ട്. പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന നേതാക്കള്‍ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയതായാണ് സൂചന. സീറ്റ് വിട്ടുനല്‍കുന്നതെന്നതിന് മാണിവിഭാഗം ഉപാധികള്‍ വെച്ചേക്കുമെന്ന കരുതലോടെയാണ് ജോസഫ് ഗ്രൂപ്പ് യോഗത്തിനെത്തുന്നത്. 

വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും  വ്യക്തമാക്കിയതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ചില കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്നാണ് മാണിവിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മധ്യസ്ഥത വേണ്ടെന്നുമാണ് മാണി ഗ്രൂപ്പിന്റെ അഭിപ്രായം.ഇരു വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നാല്‍ തീരുമാനം എടുക്കാനുള്ള അധികാരം കെ എം മാണിക്ക് വിട്ടേക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകാനും മാണിക്കാകില്ല.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണിവിഭാഗം മുന്നോട്ട് വെക്കുന്നത് പ്രിന്‍സ് ലൂക്കോസ്, തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ് എന്നീ പേരുകളാണ്. പിജെ ജോസഫ് എന്ന പേര് മാത്രമാണ് മറുവിഭാഗത്തിനുള്ളത്. സ്ഥാനാര്‍ത്ഥി ആരാണെന്ന പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com