ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്  60 ലക്ഷം ; രാമസ്വാമിയുടെ നന്മയ്ക്ക് 'അതിലേറെ തിളക്കം'

ടിക്കറ്റ് മാറ്റിവച്ച ശേഷം അവസാന 4 അക്കങ്ങൾ ഫോണിൽ കൈമാറുകയായിരുന്നു രാമസ്വാമി ചെയ്തത്
ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്  60 ലക്ഷം ; രാമസ്വാമിയുടെ നന്മയ്ക്ക് 'അതിലേറെ തിളക്കം'

തൃശൂർ : ഫോണിലൂടെ കടമായി ലോട്ടറി ടിക്കറ്റ് വാങ്ങിയ ആൾക്ക് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചു. വെള്ളിയാഴ്ച കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം ലഭിച്ചത്, പാമ്പാടി കൂടാരംകുന്ന്  രാമസ്വാമി(60) യുടെ ഭാഗ്യ മഹാലക്ഷ്മി ലോട്ടറി സ്റ്റാളിൽ വിറ്റ എൻഎക്സ് 366446 എന്ന ടിക്കറ്റിനാണ്. 

സമ്മാനം നേടിയ വ്യക്തി രാവിലെ ലോട്ടറി വിൽപ്പനക്കാരനായ  രാമസ്വാമിയെ ഫോണിൽ വിളിച്ചു 12 ടിക്കറ്റുകൾ മാറ്റി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ ടിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. ടിക്കറ്റ് മാറ്റിവച്ച ശേഷം അവസാന 4 അക്കങ്ങൾ ഫോണിൽ കൈമാറുകയായിരുന്നു രാമസ്വാമി ചെയ്തത്.

ആ ടിക്കറ്റുകളിലൊന്നിനാണ് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനമെന്ന് വൈകിട്ട് രാമസ്വാമി മനസ്സിലാക്കി. സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കാൻ പല സാധ്യതകളുമുള്ളപ്പോളും അതിനൊന്നും ലോട്ടറി ചില്ലറ വിൽപനക്കാരനായ വയോധികൻ മുതിർന്നില്ല. സമ്മാനാർഹന് ലോട്ടറി ടിക്കറ്റുകൾ കൈമാറി. ടിക്കറ്റ് വാങ്ങിയ വകയിൽ ആറായിരത്തിലേറെ രൂപ തരാനുള്ളയാൾക്കാണ് രാമസ്വാമി സമ്മാന ടിക്കറ്റ് കൈമാറിയത്.

വിവിധ നാടുകളിലായി കൂലിപ്പണികളെടുത്ത് ഉപജീവനം നടത്തിയിരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകൾ മൂലമാണ് നാലു വർഷത്തോളമായി വീടിനു സമീപത്തായി പാമ്പാടി മുതിയാർകോട് റോഡരികിൽ ഓല ഷെഡ് കെട്ടി ലോട്ടറി വിൽക്കാനിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com