പിന്നോട്ടില്ലെന്ന് ജോസഫ്; ഉമ്മന്‍ ചാണ്ടിയെ കണ്ടു; യുഡിഎഫില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ്

യുഡിഎഫുമായി കൂട്ടായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് ഉമ്മന്‍ചാണ്ടി - ജോസഫ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി 
പിന്നോട്ടില്ലെന്ന് ജോസഫ്; ഉമ്മന്‍ ചാണ്ടിയെ കണ്ടു; യുഡിഎഫില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ്

തിരുവനന്തപുരം: കോട്ടയം മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്  കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫുമായി കൂട്ടായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി പിജെ ജോസഫ് പറഞ്ഞു.  പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് രാവിലെ ഒന്‍പത് മണിയോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തിയത്. മുന്നണിയില്‍ ചര്‍ച്ച നടത്തിയശേഷം തന്റെ നിലപാട് പരസ്യമാക്കാനാണ് ജോസഫിന്റെ നീക്കം.

ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനുമായും അതിന് ശേഷം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും.കെഎം മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയെ കാണണമെന്ന് പിജെ ജോസഫ് അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. എംഎല്‍എമാരായ കെസി ജോസഫ്, മോന്‍സി ജോസഫും പിജെ ജോസഫിന്റെ കൂടയെുണ്ടയായിരുന്നു.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെഎം മാണിയും പിജെ ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമായ സ്ഥിതിക്ക് ഇനി  പാര്‍ട്ടിക്കുള്ളില്‍ സമവായം എളുപ്പമല്ല. ഇത് മനസിലാക്കിയാണ്  ജോസഫുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നത്. 

കോട്ടയത്ത് മാണിവിഭാഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് കോണ്‍ഗ്രസ് അതില്‍ ഇടപെടില്ല. പക്ഷെ അതിന്റ പേരില്‍ പിളര്‍പ്പുണ്ടാകുന്നത് തടയും. കടുത്ത തീരുമാനം എടുക്കരുതെന്ന് ജോസഫിനോട് അഭ്യര്‍ഥിക്കും. തിരഞ്ഞെടുപ്പിന് ശേഷം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താമെന്ന് കോണ്‍ഗ്രസ് അറിയിക്കും. അതില്‍  ജോസഫ് വഴങ്ങുമോയെന്നതാണ് നിര്‍ണായകം. ശുഭപ്രതീക്ഷയുണ്ടെന്നായിരുന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടും മുമ്പ് ജോസഫിന്റ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com