ശബരിമല: 'മത പ്രചാരണം' അനുവദിക്കില്ലെന്ന് ടിക്കറാം മീണ; യുവതീ പ്രവേശനം വിഷയമാക്കാം

ശബരിമല ക്ഷേത്രത്തിന്റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ ചിത്രങ്ങളോ സമാധാന അന്തരീക്ഷത്തിനു ഭംഗമുണ്ടാക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്  ഉപയോഗിക്കാനാവില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍
ശബരിമല: 'മത പ്രചാരണം' അനുവദിക്കില്ലെന്ന് ടിക്കറാം മീണ; യുവതീ പ്രവേശനം വിഷയമാക്കാം

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേരോ അതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ ചിത്രങ്ങളോ സമാധാന അന്തരീക്ഷത്തിനു ഭംഗമുണ്ടാക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്  ഉപയോഗിക്കാനാവില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ. ശബരിമലയിലെ യുവതീപ്രവേശനമോ അതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളോ ചര്‍ച്ചയാക്കാമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം ടിക്കാറാം മീണ പറഞ്ഞു.

ശബരിമല ഒരു ക്ഷേത്രമാണ്. ക്ഷേത്രത്തെയോ പള്ളിയെയോ മതപരമായ മറ്റേതെങ്കിലും സ്ഥാപനത്തെയോ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിരാം കേസില്‍ സുപ്രിം കോടതിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് മാതൃകാ പെരുമാറ്റച്ചട്ടം. നിയമപരമായ പിന്‍ബലമില്ലെങ്കില്‍പ്പോലും ധാര്‍മികമായി ഇതു പാലിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കു ബാധ്യതയുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് ഒരു മതേതര പ്രകൃയയാണ്. മതത്തെ വിദ്വേഷമുണ്ടാക്കുന്ന വിധത്തിലോ ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന വിധത്തിലോ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാവില്ല. ഇത്തരത്തില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ വരണാധികാരികളായ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഏതെങ്കിലും വിഷയം പ്രചാരണ വിഷയമാക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളോടു പറയാന്‍ തനിക്കാവില്ല. ഏതു വിധത്തില്‍ അവര്‍ അത് ഉപയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. മതത്തിന്റെ പേരില്‍ ശബരിമലയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാവും. ഇക്കാര്യം രാഷ്ട്രീയ കക്ഷികളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ടിക്കറാം മീണ പറഞ്ഞു. 

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള യോഗത്തിനു ശേഷം പറഞ്ഞു. സംസ്ഥാനത്തെ സജീവമായ വിഷയം എന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കുന്നതിന് നിയമ തടസമൊന്നുമില്ല. അതേസമയം ശ്രീധര്‍മ ശാസ്താവിന്റെ പേരില്‍ ബിജെപി വോട്ടുപിടിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

സംതൃപ്തിയോടെയാണ് യോഗത്തില്‍ പങ്കെടുത്തു മടങ്ങുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയം പ്രചാരണ വിഷയമാക്കുന്നതിലെ പരിമിതിയെക്കുറിച്ച് ബിജെപിക്കു നല്ല ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ലക്ഷ്മണ രേഖ ബിജെപിക്ക് അറിയാം. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

അയോധ്യ വിഷയം ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുത്തലാഖും ചര്‍ച്ച് ആക്ടുമെല്ലാം ചര്‍ച്ചാ വിഷയമാവുന്നു. പിന്നെ എന്തുകൊണ്ടാണ് ശബരിമല മാത്രം പാടില്ലെന്നു പറയുന്നത്? ശബരിമല വിഷത്തെ മത ധ്രുവീകരണത്തിനോ വിദ്വേഷത്തിനോ ഇടവയ്ക്കും വിധം ഉപയോഗിക്കാനാവില്ല. ബിജെപി അത്തരം പ്രചാരണത്തിനുമില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമലയെക്കുറിച്ച് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി പരാമര്‍ശിക്കുക മാത്രമായിരുന്നെന്ന് യോഗത്തില്‍ പങ്കെടുത്ത യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ ടിക്കറാം മീണ ഇക്കാര്യം വിശദീകരിച്ചു. ശബരിമല പ്രചാരണ വിഷയമാക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.

അതേസമയം ശബരിമല പ്രചാരണ വിഷയമാക്കുന്നതിലെ നിയമ തടസങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതില്‍ എല്‍ഡിഎഫിന് എതിര്‍പ്പൊന്നുമില്ലെന്നും ആനത്തലവട്ടം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com