ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്; പത്തനംതിട്ടയ്ക്കായി പിടിവലി, ബിജെപി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ബിജെപിയിലെ സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ആവശ്യക്കാര്‍ പത്തനംതിട്ട സീറ്റിന്
ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്; പത്തനംതിട്ടയ്ക്കായി പിടിവലി, ബിജെപി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ബിജെപിയിലെ സീറ്റ് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ആവശ്യക്കാര്‍ പത്തനംതിട്ട സീറ്റിന്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടെന്നാണ് സൂചന.

ശബരിമല വിഷയം ഏറ്റവും പ്രതിഫലിക്കുക പത്തനംതിട്ടയില്‍ ആവുമെന്നും ഇതു തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള മത്സരത്തിനില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒന്നാമതായി പരിഗണിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ പേരാണ്. തിരുവനന്തപുരത്ത് കുമ്മനം രാാജശേഖരന്റെ പേര് ഏതാണ് ഉറപ്പായ സ്ഥിതിക്ക് പത്തനംതിട്ടയിലാണ് ശ്രീധരന്‍ പിള്ള ഇനി പരിഗണിക്കപ്പെടുന്നത്. ഇവിടെ മത്സരിക്കാന്‍ പിള്ളയ്ക്ക് എതിര്‍പ്പില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ശബരിമല വിഷയത്തില്‍ ഏറ്റവും സജീവമായി ഇടപെട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആണെന്നും അവിടെ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. സുരേന്ദ്രന്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട് എന്നാണ് അറിയുന്നത്. എന്നാല്‍ സുരേന്ദ്രന്‍ ഇതിനോടു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. 

കഴിഞ്ഞ തവണ മത്സരിച്ചു മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന താത്പര്യം എംടി രമേശ് നേതൃത്വത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. തന്റേ പേരു പരിഗണിക്കുന്ന കോഴിക്കോട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള വിമുഖതയും രമേശ് വ്യക്തമാക്കിയിട്ടുണ്ടെ്‌നനാണ് അറിയുന്നത്. പത്തനംതിട്ട ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നു രമേശ് നിലപാടെടുത്താല്‍ അതു പാര്‍ട്ടിയില്‍ പ്രതിസന്ധിക്കു വഴിവയ്ക്കും. ഈ പശ്ചാത്തലത്തില്‍ പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിലപാടാവും നിര്‍ണായകമാവുക. ശബരിമല വിഷയത്തിന്റെ ആനുകൂല്യം കിട്ടുന്ന വിധത്തില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ആര്‍എസ്എസില്‍ ആലോചനയുണ്ട്. കേന്ദ്രനേതൃത്വം ഇതു പരിഗണിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com