ഉടക്കി നില്‍ക്കുന്ന ജോസഫിന് ഇടുക്കി; പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ ഉടക്കി നില്‍ക്കുന്ന പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം
ഉടക്കി നില്‍ക്കുന്ന ജോസഫിന് ഇടുക്കി; പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

കൊച്ചി: സീറ്റിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ ഉടക്കി നില്‍ക്കുന്ന പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

പിജെ ജോസഫിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നായിരുന്നു ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് പ്രധാനമായും ആവശ്യപ്പെട്ടത്. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കെഎം മാണി തയാറല്ല. 

ഈ സാഹചര്യത്തിലാണ് ഇടുക്കി വിട്ടുകൊടുത്ത് ജോസഫിനെ യുഡിഎഫിന്റെ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്. അധികസീറ്റിന് ആവശ്യമുന്നയിച്ച ലീഗിന്റെ നിലപാട് കൂടി അറിഞ്ഞിട്ടേ അന്തിമ തീരുമാനമുണ്ടാകു. ജോസഫിന് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണിപക്ഷം എതിര്‍ക്കാനിടയില്ലെന്നാണ് സൂചന. 

നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നില്ലെങ്കില്‍ ഇടുക്കിയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. പിജെ ജോസഫ് വന്നാല്‍ ജയസാധ്യത ഏറെയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരുന്നതോടെ കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയം സാധ്യമാകുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com