സ്‌ക്രീനിങ്ങ് കമ്മിറ്റി പൂര്‍ത്തിയായി; ഏകദേശ ധാരണ; പട്ടിക ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം പൂര്‍ത്തിയായി.
സ്‌ക്രീനിങ്ങ് കമ്മിറ്റി പൂര്‍ത്തിയായി; ഏകദേശ ധാരണ; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം പൂര്‍ത്തിയായി. ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നാളെയുണ്ടായേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നാളെ നാല് മണിക്ക് യോഗം ചേരും. സിറ്റിങ് എം.പിമാരുടെ കാര്യം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. 

മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ നാളെ ചേരുന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാവും അന്തി തീരുമാനമെടുക്കുക. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസും വ്യക്തമാക്കി.

ആലപ്പുഴ, എറണാകുളം, വയനാട് തുടങ്ങി 7 മണ്ഡലങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയായിരുന്നു. കെ.സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധി എടുക്കും.

എറണാകുളത്ത് കെ.വി തോമസിനൊപ്പം ഹൈബി ഈഡന്റെ പേരുകൂടി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കെ.വി തോമസിനെ സ്‌ക്രീനിങ് കമ്മിറ്റി വിളിച്ചു വരുത്തി നിലപാടാരാഞ്ഞിരുന്നു. ഇത്തവണ മാറിനില്‍ക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളി.  പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടി പറയുന്നത് അനുസരിക്കും-അദ്ദേഹം പറഞ്ഞു.   

ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, ഇടുക്കി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ മല്‍സരിക്കും.  ഇടുക്കിയില്‍ ജോസഫുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സമ്മതിക്കുമ്പോഴും കൈപ്പത്തി ചിഹ്നത്തിലാവും മല്‍സരമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു

ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, കെ.സുധാകരന്‍, ദിവ്യ ഹരിദാസ്, സുബ്ബയ്യ റായ് എന്നിവരുടെ കാര്യത്തില്‍ കഴിഞ്ഞ യോഗത്തില്‍ ധാരണയായിരുന്നു. ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍ എന്നിവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com