കെഎസ്ആര്‍ടിസി ബസ്സുകളിലെ 'പിണറായി പരസ്യം' നീക്കിയില്ല; 'നിര്‍ദ്ദേശമൊന്നും' ഇല്ലെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസ്സുകളില്‍ പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്നു മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ഉത്തരവിട്ടിട്ടും ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടില്‍ കെഎസ്ആര്‍ടിസി.
കെഎസ്ആര്‍ടിസി ബസ്സുകളിലെ 'പിണറായി പരസ്യം' നീക്കിയില്ല; 'നിര്‍ദ്ദേശമൊന്നും' ഇല്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സുകളില്‍ പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്നു മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ഉത്തരവിട്ടിട്ടും ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടില്‍ കെഎസ്ആര്‍ടിസി. 

സര്‍ക്കാരിന്റെ 1000 ദിവസത്തെ ഭരണനേട്ടം വിളിച്ചോതി ഒരു കോടി രൂപ ചെലവഴിച്ച് പതിച്ച പരസ്യങ്ങളാണ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഉത്തരവിന്റെ പകര്‍പ്പ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയെന്നും ഇന്നുതന്നെ പരസ്യം നീക്കിയില്ലെങ്കില്‍ ശക്തമായി നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അന്ത്യശാസനം നല്‍കി. പരസ്യം നീക്കുന്നത് സംബന്ധിച്ച് മുഖ്യതെരഞ്ഞടുപ്പ് ഓഫീസിലെ കംപ്ലെയ്ന്‍സ് ഓഫീസര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

ആയിരംദിവസത്തെ ഭരണനേട്ടം പ്രതിപാദിക്കുന്ന 'ഒന്നാണ് നമ്മള്‍, ഒന്നാമതാണ് കേരളം' എന്ന പരസ്യം കഴിഞ്ഞ മാസം 5000 ബസ്സുകളിലാണ് പതിച്ചത്. ഒരുമാസത്തെ കരാറിനാണ് ഒരു കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. ഫെബ്രുവരി 12നാണ് ബസ്സുകളില്‍ പരസ്യം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങിയത് 20ന് ശേഷമാണ്. ആതുകൊണ്ട് ഈ മാസം 20 വരെയാണ് കാലാവധിയെന്നാണ് കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറയുന്നത്. അതേസമയം ലക്ഷങ്ങള്‍ ചെലവഴിച്ചതിനാല്‍ പരസ്യം നീക്കുന്നതു സര്‍ക്കാര്‍ ഇടപെട്ട് പരമാവധി വൈകിപ്പിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ലോക്കല്‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com