സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം; കെവി തോമസ് പട്ടികയില്‍ ഇല്ല; രാഹുലിന് കൈമാറിയ പട്ടിക ഇപ്രകാരം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക ഇന്നറിയാം. ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം അന്തിമപട്ടിക തീരുമാനിക്കും
സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം; കെവി തോമസ് പട്ടികയില്‍ ഇല്ല; രാഹുലിന് കൈമാറിയ പട്ടിക ഇപ്രകാരം

ന്യൂഡല്‍ഹി:  ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക ഇന്നറിയാം. ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം അന്തിമപട്ടിക തീരുമാനിക്കും. വൈകീട്ടാണ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരുക. വയനാട്, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എറണാകുളത്ത് ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയായേക്കും

തൃശൂരില്‍ ടിഎന്‍ പ്രതാപന്‍ മല്‍സരിക്കും. ആലത്തൂരില്‍ രമ്യ ഹരിദാസ് ഏതാണ്ട് സീറ്റ് ഉറപ്പിച്ചു. ചാലക്കുടിയില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും, കാസര്‍കോട് സുബ്ബറായ്ക്കാണ് സാധ്യത. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഇന്ന് തീരുമാനം കൈക്കൊള്ളും. എറണാകുളം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഹൈക്കമാന്റെ കെവി തോമസിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അനുകൂല നടപടിയാണ് ഹൈക്കമാന്റ് കൈക്കൊണ്ടതെന്ന് ചര്‍ച്ചയ്ക്ക് ശേഷം തോമസ് മാധ്യമങ്ങളോട്  പറഞ്ഞു. പാര്‍ട്ടി ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചു പൂര്‍ണധാരണയായില്ല. ചില മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നതാണ് തീരുമാനം വൈകാന്‍ കാരണം. ശനിയാഴ്ച രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മാത്രമേ അന്തിമ തീരുമാനമാകൂ.

തിരക്കിട്ട കൂടിയാലോചനകളാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യത സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഉച്ചയ്ക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണി വരെ നീണ്ട സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കാനായില്ല.

ചര്‍ച്ചകള്‍ അവസാനിപ്പിച്ച നേതാക്കള്‍ അനൗപചാരിക കൂടിയാലോചനകള്‍ തുടരുകയാണ്. വയനാട്, വടകര, ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. മുതിര്‍ന്ന നേതാക്കള്‍, സിറ്റിങ് എംപിമാര്‍ എന്നിവര്‍ മല്‍സരിക്കുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും.

സാധ്യതാ പട്ടിക: കാസര്‍കോഡ്: സുബ്ബറായ്, കണ്ണൂര്‍: കെ സുധാകരന്‍, കോഴിക്കോട്: എംകെ രാഘവന്‍: വയനാട്: കെസി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍: വടകര: ടി സിദ്ദിഖ്: തൃശൂര്‍: ടിഎന്‍ പ്രതാപന്‍, പാലക്കാട്: ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍,: ആലത്തൂര്‍: രമ്യ ഹരിദാസ്, ചാലക്കുടി: ബെന്നി ബഹനാന്‍, എറണാകുളം: ഹൈബി ഈഡന്‍, ഇടുക്കി: ഉമ്മന്‍ചാണ്ടി, ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട: ആന്റോ ആന്റണി, ആലപ്പുഴ: അടൂര്‍ പ്രകാശ്, ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരം: ശശി തരൂര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com