കെ വി തോമസിനെ കാത്ത് ഉന്നതപദവി ?;  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തോമസും ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി
കെ വി തോമസിനെ കാത്ത് ഉന്നതപദവി ?;  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തോമസും ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇതിന്‍രെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ തോമസിനെ വിളിച്ച് സംസാരിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസിനെ സാന്ത്വനിപ്പിക്കുന്നതിന്റെ ഭാഗമായി, പാര്‍ട്ടിയില്‍ ഉയര്‍ന്ന ഒരു സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 

യുഡിഎഫ് കണ്‍വീനര്‍ ആക്കുന്നതാണ് പ്രധാനമായും ആലോചനയിലുള്ളത്. നിലവിലെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ചാലക്കുടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഈ സാഹചര്യത്തില്‍ ബെന്നി ബഹനാന്‍ വഹിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെ വി തോമസിന് നല്‍കാനാണ് ആലോചിക്കുന്നത്. 

അതിനിടെ കെ വി തോമസ് കോണ്‍ഗ്രസുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ വി തോമസും ഉണ്ടാകും. കെ വി തോമസിന്റെ സേവനം ഇനിയും ആവശ്യമുണ്ട്. കെ വി തോമസ് ഇനിയും പാര്‍ട്ടിയിലെ ഉന്നത പദവികൾ അലങ്കരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മൂന്നു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സബന്ധിച്ച് ധാരണയായി. ഒരു സീറ്റില്‍ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. ശേഷിക്കുന്ന 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com