തുഷാർ പോരിനിറങ്ങുമോ? അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച ; തൃശൂർ സീറ്റിന്റെ കാര്യത്തിലും തീരുമാനം

തുഷാർ മൽസരിച്ചില്ലെങ്കിൽ തൃശൂർ സീറ്റ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് നൽകിയേക്കും
തുഷാർ പോരിനിറങ്ങുമോ? അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച ; തൃശൂർ സീറ്റിന്റെ കാര്യത്തിലും തീരുമാനം

ന്യൂഡല്‍ഹി: ലോക്സഭ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അദ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11 ന് ഡൽ​ഹിയിൽ വെച്ചാണ് ചർച്ച. തുഷാർ വെള്ളാപ്പള്ളി മൽസരിക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടക്കുക.

തുഷാർ മൽസര രം​ഗത്തിറങ്ങണമെന്ന് അമിത് ഷാ വീണ്ടും ആവശ്യപ്പെടും. എന്നാൽ മൽസര രം​ഗത്തിറങ്ങാൻ തുഷാർ മടിക്കുകയാണ്. മൽസരിക്കാൻ എസ്എൻഡിപിയിലെ സ്ഥാനങ്ങൾ രാജിവെക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിർദേശവും തുഷാറിനെ പിന്തിരിപ്പിക്കുന്നു. സ്ഥാനാർത്ഥിത്വത്തിൽ തുഷാർ നിലപാട് പ്രഖ്യാപിക്കാത്തതിൽ ബിജെപി കേന്ദ്രനേതൃത്വം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

തുഷാർ മൽസരിച്ചില്ലെങ്കിൽ തൃശൂർ സീറ്റ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് നൽകിയേക്കും. അങ്ങനെയെങ്കിൽ പത്തന‌ംതിട്ടയിൽ പി എസ് ശ്രീധരൻപിള്ളയോ, അൽഫോൺസ് കണ്ണന്താനമോ സ്ഥാനാർത്ഥിയാകും. തുഷാർ-അമിത് ഷാ കൂടിക്കാഴ്ചയിൽ ബിഡിജെഎസിന്റെ സീറ്റുകൾ സംബന്ധിച്ചും അന്തിമ ധാരണ ഉണ്ടാക്കേണ്ടതുണ്ട്. 

 എറണാകുളം, തൃശ്ശൂർ, ആലത്തൂർ, വയനാട്, ഇടുക്കി മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസിന് നൽകിയത്. ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് കരുതുന്ന തൃശ്ശൂർ മണ്ഡലം ബിജെപിക്ക് വിട്ടുനൽകിയാൽ പകരം ആറ്റിങ്ങലോ ആലപ്പുഴയോ കൊടുക്കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com