വടകരയില്‍ മുല്ലപ്പള്ളി ? ; കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യം ശക്തം ; എഐസിസിക്ക് സന്ദേശ പ്രവാഹം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്, വടര സീറ്റുകളിലെ കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു
വടകരയില്‍ മുല്ലപ്പള്ളി ? ; കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യം ശക്തം ; എഐസിസിക്ക് സന്ദേശ പ്രവാഹം

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്, വടകര സീറ്റുകളിലെ  കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന അനുസരിച്ച് വയനാട്ടില്‍ ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിയായേക്കും. എ ഗ്രൂപ്പിന്റെ കടുംപിടുത്തത്തോട് ഐ ഗ്രൂപ്പ് വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വയനാട്ടില്‍ ടി സിദ്ദിഖിനെ തന്നെ മല്‍സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാല്‍ കെ പി അബ്ദുള്‍ മജീദിനെയോ, ഷാനിമോല്‍ ഉസ്മാനെയോ മല്‍സരിപ്പിക്കാനായിരുന്നു ഐ ഗ്രൂപ്പ് താല്‍പ്പര്യപ്പെട്ടത്. ഒരു ഘട്ടത്തില്‍ സമവായ സ്ഥാനാര്‍ത്ഥിയായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ പേരും ഉയര്‍ന്നു വന്നു. 

അതിനിടെ വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന വാദം. ഇതേത്തുടര്‍ന്ന് നേരത്തെ പരിഗണിച്ചിരുന്ന വിദ്യ ബാലകൃഷ്ണനെ ഒഴിവാക്കി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാര്‍, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നു. 

ഇതിനിടെ വടകരയില്‍ രാഷ്ട്രീയ പോരാട്ടം വേണമെന്നും ഇതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സര രംഗത്തിറങ്ങണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസിക്ക് പ്രാദേശിക നേതൃത്വത്തില്‍ നിന്നും നിരവധി നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകലില്‍ നിന്നാണ് പരാതി പ്രവാഹം. തര്‍ക്കം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് മുല്ലപ്പള്ളി കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ചു. 

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏകദേശ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com