എസി നിലച്ചു; കൂളായി മുഖ്യമന്ത്രി; പത്തനംതിട്ടയില്‍ ചൂട് വേണം; കര്‍ശനനിര്‍ദ്ദേശം

എസി വേണ്ട, ഞാനിവിടെ താമസിച്ചോളാമെന്ന് മുഖ്യമന്ത്രി- വീണയുടെ വിജയത്തിനായി വീഴ്ചയുണ്ടാകാതെ പ്രവര്‍ത്തിക്കണമെന്ന് പിണറായി 
എസി നിലച്ചു; കൂളായി മുഖ്യമന്ത്രി; പത്തനംതിട്ടയില്‍ ചൂട് വേണം; കര്‍ശനനിര്‍ദ്ദേശം


പത്തനംതിട്ട: ഇക്കുറി പത്തനംതിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി എംഎല്‍എയായ വീണ ജോര്‍ജ്ജിനെ കളത്തിലിറക്കിയത്. എന്നാല്‍ മണ്ഡലം നിലനിര്‍ത്തി മറുപടി കൊടുക്കേണ്ടത് യുഡിഎഫിന്റേയും അഭിമാനപ്രശ്‌നമാണ്. ഇതിനിടയില്‍ ശബരിമല വോട്ടാകുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതാക്കളും മല്‍സരിക്കാന്‍ തമ്മില്‍ പോരടിക്കുകയാണ്. വീണയെ വിജയിപ്പിക്കുന്നതിനായി പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്. 

വീണയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എത്തിയപ്പോള്‍ രസകരമായ ചില സംഭവങ്ങളുമുണ്ടായി. പിണറായി വിജയനായി പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ തയാറാക്കിയ മുറിയിലെ എസിയുടെ സ്വിച്ചിട്ടപ്പോള്‍ ഗസ്റ്റ് ഹൗസ് പൂര്‍ണമായും ഇരുട്ടിലായി. ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും കാര്യം നടന്നില്ല.  മുഖ്യമന്ത്രിയെ ടൗണിലെ ഹോട്ടലിലേക്ക് മാറ്റാനായി പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചെങ്കിലും എസി വേണ്ട, ഞാനിവിടെ താമസിച്ചോളാം എന്നായി മുഖ്യമന്ത്രി. അതോടെ ചൂടായ ഗസ്റ്റ് ഹൗസ് മുഴുവന്‍ തണുത്തു.  സിഎം ചൂടാകുമോ എന്നു നോക്കി നിന്നവരുടെ മുന്നിലേക്ക് കൂളായി മുഖ്യമന്ത്രി എത്തി. പിന്നീട് ജനറേറ്റര്‍ നന്നാക്കിയെങ്കിലും  ഇത്തവണ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം കൈവിടരുതെന്നു ജില്ലയിലെ നേതാക്കള്‍ക്കു പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ആരും പ്രചാരണത്തില്‍ നിന്നു മാറി നില്‍ക്കരുത്. വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള പിണറായി വിജയന്‍ ഇന്നലെ ഉച്ചവരെ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ഭാരവാഹികളുമായി ചര്‍ച്ച നടത്തി. വീണാ ജോര്‍ജിനു വേണ്ടി തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ജില്ലാ കമ്മിറ്റി നിര്‍ദേശിക്കും മുന്‍പ് വീണയുടെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതു മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. മുഖ്യമന്ത്രിക്കു പുറമെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന നേതാക്കളും പ്രചാരണ പരിപാടികള്‍ക്കായി മണ്ഡലത്തില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com