'മകളുടെ വാൽസല്യത്തോടെ അനുഗ്രഹം തേടി രമ്യ കാൽതൊട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു, കൈകൾ കൊണ്ടും മനസുകൊണ്ടും അനുഗ്രഹിച്ചു' ; വികാരനിർഭരം, കുറിപ്പ്

കോൺ​ഗ്രസിലെ പുതുരക്തം അനു​ഗ്രഹം തേടിയപ്പോൾ, പോരാട്ടവഴികളിൽ നെഞ്ചുവിരിച്ചു നിന്ന കോൺ​ഗ്രസ് നേതാവ് വിതുമ്പി
'മകളുടെ വാൽസല്യത്തോടെ അനുഗ്രഹം തേടി രമ്യ കാൽതൊട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു, കൈകൾ കൊണ്ടും മനസുകൊണ്ടും അനുഗ്രഹിച്ചു' ; വികാരനിർഭരം, കുറിപ്പ്

പാലക്കാട് : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് അനു​ഗ്രഹം തേടി ചിറ്റൂരിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ അച്യുതന്റെ അടുത്തെത്തി. കോൺ​ഗ്രസിലെ പുതുരക്തം അനു​ഗ്രഹം തേടിയപ്പോൾ, പോരാട്ടവഴികളിൽ നെഞ്ചുവിരിച്ചു നിന്ന കോൺ​ഗ്രസ് നേതാവ് വിതുമ്പി.  മകളോടുളള വാല്‍സല്യം പോലെ രമ്യ ഹരിദാസിനെ മനസുനിറഞ്ഞ് അനുഗ്രഹിച്ചു. വിജയാശംസകള്‍ നേര്‍ന്നു. 

അഞ്ചു തിരഞ്ഞെടുപ്പുകളെ‌ ചിറ്റൂരില്‍ നേരിട്ട കെ.അച്യുതന്‍ ഒരിക്കല്‍പോലും വീടുവീടാന്തരം കയറി വോട്ടുതേടിയ ചരിത്രമില്ല. പക്ഷേ ഇക്കുറി രമ്യയ്ക്കുവേണ്ടി ഇറങ്ങുമെന്നും അറിയിച്ചു. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും, കെ അച്യുതന്റെ മകനുമായ സുമേഷ് അച്യുതൻ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ്, തെരഞ്ഞെടുപ്പ് പോർക്കളത്തിലെ കന്നിക്കാരിയും ആചാര്യനും തമ്മിലുള്ള വികാരനിർഭര രം​ഗങ്ങൾ വെളിപ്പെടുത്തിയത്. 

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് എന്റെ അച്ഛനെന്ന് ആയിരമായിരം അവസരങ്ങളിൽ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അച്ഛന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകൾക്കൊപ്പം എന്നും താങ്ങായി നിന്ന എന്റെ അമ്മയുടെ ആകസ്മിക വിയോഗത്തിലും, അടുത്തടുത്തുണ്ടായ അച്ഛന്റെ സഹോദരങ്ങളുടെ വേർപാടിലും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അച്ഛൻ ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചു. എന്നാൽ ഇന്ന് രാവിലെ ചാലക്കളം വീട്ടിൽ ഞങ്ങളാരും ഇതുവരെ കാണാത്തൊരച്ഛനെ കണ്ടു. വൈകാരികമായി വിതുമ്പി RAMYA HARIDASനെ അനുഗ്രഹിച്ചു നിൽക്കുന്ന അച്ഛനെ കണ്ടവർക്കെല്ലാം ആശ്ചര്യമുണ്ടാക്കി ആ നിമിഷങ്ങൾ. ആലത്തൂർ ലോക് സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായെത്തിയ രമ്യ തന്റെ പ്രചരണം തുടങ്ങിയത് അച്ഛന്റെ അനുഗ്രഹം വാങ്ങിയായിരുന്നു. ഓലപ്പുരയിൽ ജനിച്ചതും പിന്നീട് ഇന്ദിരാ ആവാസ് യോജനയിൽ വീടു വെച്ചതും കഠിനമായ ജീവിത സാഹചര്യത്തിലും സംഗീതവും നൃത്തവും ജീവിതത്തോട് ചേർത്തു വെച്ചതുമെല്ലാം രമ്യയിൽ നിന്നും അനിൽ അക്കരയിൽ നിന്നും അച്ഛൻ അറിഞ്ഞു.കൂലിപ്പണിക്കാരന്റെ മകൾ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലെത്തിയതും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതുമെല്ലാം അറബിക്കഥയെപ്പോലും വെല്ലുന്ന ഒന്നായിരുന്നു. ഉറച്ച വാക്കുകളും ദൃഢനിശ്ചയവും പോരാട്ട വീര്യവും രമ്യയുടെ രക്തത്തിൽ അലിഞ്ഞതാണ്. സാഹചര്യങ്ങളുടെ ഉലയിൽ ഊതിക്കാച്ചിയ സുഗന്ധം പരത്തുന്ന സ്വർണ്ണമാണ് രമ്യയെന്ന് അറിയെ അറിയെ അച്ഛന്റെ കണ്ണ് നിറഞ്ഞുവോ എന്ന് സംശയം തോന്നി. മകളുടെ വാൽസല്യത്തോടെ അച്ഛന്റെ അനുഗ്രഹം തേടി രമ്യ കാൽ തൊട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു കൈകൾ കൊണ്ടും മനസുകൊണ്ടും അനുഗ്രഹിച്ചു.അച്ഛന്റെ കൺപീലികൾ നനച്ച വാൽസല്യത്തിന്റെ തെളിനീരുകൾ സാക്ഷി നിർത്തി അവിടെ ഉണ്ടായിരുന്നവർ മനസ്സിൽ പ്രതിജ്ഞ ചെയ്തു രമ്യ ലോക്സഭയുടെ പച്ചപരവാതിനിയിലൂടെ നടന്ന് ആലത്തൂരിന്റെ വികസനത്തിനായ് ശബ്ദിക്കും. ഇന്നലെ വൈകീട്ട് ആലത്തൂർ പട്ടണം സാക്ഷ്യം വഹിച്ച Ramyaയുടെ പ്രചരണം അതിന് അടിവരയിടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com